കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലില്‍ ഇതിനോടകം നടപ്പിലാക്കിയ 80 ശതമാനം മുസ്‌ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധി നീതിനിഷേധത്തിനുള്ള മുന്നറിയിപ്പാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
2015 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തിറങ്ങിയ 80:20 അനുപാത ഉത്തരവാണ് കോടതിവിധിയുടെ ആധാരം. സര്‍ക്കാര്‍ മാറിയെങ്കിലും തുടര്‍ന്നിങ്ങോട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഈ അനുപാതം തുടരുകയായിരുന്നു. നിയമങ്ങളും ഉത്തരവുകളും ദുര്‍വ്യാഖ്യാനം ചെയ്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ ക്ഷേമപദ്ധതികളില്‍ നിന്ന് പുറന്തള്ളി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും സ്വജനപക്ഷപാതം നടത്തുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ നാളുകളില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് കോടതിവിധി വ്യക്തമാക്കുന്നു. 80:20 അനുപാതം യാതൊരു പഠനവും നടത്താതെ നടപ്പിലാക്കുന്നതാണെന്ന് രേഖകള്‍ സഹിതം ബോധ്യപ്പെടുത്തിയിട്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഈ അനുപാതം ധാര്‍ഷ്ഠ്യത്തോടെ ആവര്‍ത്തിക്കുകയായിരുന്നു.
കഴിഞ്ഞദിവസം അധികാരത്തിലേറിയ രണ്ടാം ഇടതുപക്ഷ സര്‍ക്കാരില്‍ എന്തുകൊണ്ടാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ നിലനിര്‍ത്തിയതെന്ന് ഇപ്പോള്‍ പൊതുസമൂഹത്തിന് വ്യക്തമായിട്ടുണ്ടാകും. മതേതര സമൂഹത്തില്‍ ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കുമ്പോള്‍ മാത്രമാണ് ഭരണഘടനയുടെയും നിയമ സംവിധാനത്തിന്റെയും അന്തസ് ഉയരുന്നത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ തുല്യനീതി ലഭിക്കുന്നതിനുള്ള പോരാട്ടമാണ് ലെയ്റ്റി കൗണ്‍സിലും വിവിധ ക്രൈസ്തവ സംഘടനകളും കാലങ്ങളായി നടത്തുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങള്‍ക്കുമായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ ഒരു സമുദായം മാത്രമായി തീറെഴുതിയെടുക്കുന്നത് ഇനിയും അനുവദിക്കാനാവില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പും ന്യൂനപക്ഷ ക്ഷേമ വകുപ്പും പദ്ധതികളുമുണ്ടായിരുന്നു. പിന്നോക്കാവസ്ഥ മാത്രമല്ല ക്ഷേമ പദ്ധതികളുടെ മാനദണ്ഡം. ജനസംഖ്യയില്‍ കുറവുള്ളവര്‍ക്കും, വളര്‍ച്ചാനിരക്ക് കുറയുന്ന മത വിഭാഗങ്ങള്‍ക്കുമാണ് ക്ഷേമ പദ്ധതികളില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍