ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ

Spread the love

 

തിരുവനന്തപുരം: 2021 ലെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പതു അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

Give us helicopters we will die here MLA Saji Cherian cries for help

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പോലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചശേഷമായിരുന്നു തീരുമാനം.

ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുകവിതരണം വേഗത്തിലാക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസ്സപ്പെടാതിരിയ്ക്കാന്‍ പോലീസ് ശ്രദ്ധിയ്ക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

post

ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം.

അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം.

കൊല്ലം ജില്ലയില്‍ ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ നീണ്ടകര ഹാര്‍ബര്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. ഈ വര്‍ഷവും അത് തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.

ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ട്രോളിംഗ് നിരോധന കാലയളവിലും ബാധകമായിരിക്കും.

കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്ന് തീരുമാനിച്ചു.

മറൈന്‍ എന്‍ഫോഴ്സ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ കൂടുതല്‍ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പോലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സുമെന്റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ.

നിരോധന കാലയളവില്‍ കടല്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം.

അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *