ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ ആദ്യ കുര്‍ബാന, പാപമോചനം, സ്ഥൈര്യലേപനം എന്നീ പ്രാഥമിക കൂദാശകളുടെ പരികര്‍മ്മം ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ ലളിതമായ രീതിയില്‍ നടന്നു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. സനില്‍ മയില്‍ക്കുന്നേല്‍ എന്നിവര്‍ കാര്‍മ്മികരായി കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങളില്‍ കുട്ടികളും, അവരുടെ മാതാപിതാക്കളും, സഹോദരങ്ങളും, അടുത്ത ബന്ധുക്കളും, മതാധ്യാപകരും, ഗായക സംഘവും മാത്രമേ പങ്കെടുത്തുള്ളൂ. ഇടവക ജനങ്ങള്‍ വീട്ടിലിരുന്ന് ലൈവ് ആയി സംപ്രേഷണം ചെയ്യപ്പെട്ട കൂദാശാ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് കൂദാശകള്‍ സ്വീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
മെയ് 8 ശനിയാഴ്ച്ച രാവിലെ 9 മണിക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ സമാരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ സ്ഥൈര്യലേപനകൂദാശ യിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ കുട്ടികളുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി.
കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 13 കുട്ടികള്‍ ദിവ്യകാരുണ്യവും, 2 കുട്ടികള്‍ സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ കാരളിന്‍ ജോര്‍ജ്, ജേക്കബ് ചാക്കോ, ഡോ. മെര്‍ലിന്‍ എബ്രാഹം എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
സഹോദരങ്ങളായ ആല്‍ബര്‍ട്ട് ജിജി, ആന്‍ഡ്രൂ ജിജി, എലയ്ന്‍ മാത്യു, എല്‍വിന്‍ മാത്യു, ജെസി ജിമ്മി, ജിന്‍സണ്‍ ജിമ്മി, ജെറെമിയ ജോസഫ്, റെബേക്കാ ജോസഫ്, ഷോണ്‍ മാനല, ജയ്ഡന്‍ ജോമോന്‍, ക്രിസ് തോമസ്, ആല്ബിയോണ്‍ സിജി, ജോഹാന്‍ പൗലോസ് എന്നീ കുട്ടികളാണു ഈ വര്‍ഷം കൂദാശകള്‍ സ്വീകരിച്ചത്.
ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മതാധ്യാപകരായ കാരളിന്‍ ജോര്‍ജ്, ജേക്കബ് ചാക്കോ, ഡോ. മെര്‍ലിന്‍ എബ്രാഹം, കുട്ടികളുടെ മാതാപിതാക്കള്‍, പള്ളിക്കമ്മിറ്റി എന്നിവര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.പ്രഥമദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച് വര്‍ണമനോഹരമായ ബുക്‌ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്
ജോയിച്ചൻപുതുക്കുളം