സോണിയ ഗാന്ധിക്ക് താന്‍ കത്തെഴുതിയെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സത്യസന്ധവും വിശദവുമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.അതിനാല്‍ കത്തെഴുതേണ്ട ആവശ്യമില്ല.അശോക് ചൗവാന്‍ കമ്മറ്റിയെ താന്‍ ബഹിഷ്കരിച്ചെന്ന വാര്‍ത്ത ശരിയല്ല. അശോക് ചൗവാനും കമ്മിറ്റി അംഗങ്ങളും നല്ല സുഹൃത്തുക്കളാണ്.പറയേണ്ട കാര്യങ്ങള്‍ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല.സോണിയാ ഗാന്ധിക്ക് താന്‍ അയച്ച റിപ്പോര്‍ട്ട് തന്‍റെ സ്റ്റേറ്റ്മെന്‍റായി കണക്കാക്കണമെന്നാണ് അശോക് ചൗവാനോട് അഭ്യര്‍ത്ഥിച്ചത്.
കെപിസിസി അധ്യക്ഷ പദവിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ പ്രസിഡന്‍റ് വരുന്നത് വരെ കെയര്‍ ടേക്കര്‍ പ്രസിഡന്‍റായി തുടരുമെന്നും ബദല്‍ സംവിധാനം എത്രയും വേഗം വേണമെന്നും സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു.കെപിസിസി അധ്യക്ഷനെന്ന നിലയില്‍ സോണിയാ ഗാന്ധി തനിക്ക് നിര്‍ലോഭമായ സഹായസഹകരണമാണ് നല്‍കിയത്. ഉപാധിരഹിത പിന്തുണ രാഹുല്‍ ഗാന്ധിയും നല്‍കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സോണിയാ ഗാന്ധി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തുിന്‍റെ ഉത്തരവാദിത്തം താന്‍ അന്ന് തന്നെ ഏറ്റെടുത്തതാണ്.ഇക്കാര്യം താന്‍ എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്ത. അത് മറ്റാരുടേയും തലയില്‍ വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഒരുപാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍മാറണം.ഒരുതരത്തിലുള്ള ആശയ സംഘര്‍ഷവും കോണ്‍ഗ്രസിലില്ല.ഒറ്റക്കെട്ടായിട്ടാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് പോകുന്നത്.മറിച്ചുള്ള വാര്‍ത്തകള്‍ നിഗൂഢലക്ഷ്യവും സങ്കുുചിത താല്‍പ്പര്യവും വച്ച് നല്‍കുന്നതാണ്.നേതാക്കളുടേയും പ്രവര്‍ത്തകരുടേയും മനോവീര്യം തകര്‍ക്കുകയാണ് അത്തരം വാര്‍ത്തകള്‍ക്ക് പിന്നിലുള്ളത്.
പരാജയങ്ങളില്‍ നിന്നും വര്‍ധിത വീര്യത്തോടെ തിരുച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.രാജി സന്നദ്ധത അറിയിച്ച് നില്‍ക്കുന്ന താന്‍ കഴിഞ്ഞ ദിവസത്തെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായും ധാര്‍മികമായും ശരിയല്ല.അതിനാലാണ് പങ്കെടുക്കാതിരുന്നത്.കെപിസിസി അധ്യക്ഷന്‍ എന്നനിലയിലാണ് താന്‍ യുഡിഎഫില്‍ അംഗമായത്.അതിനാല്‍ താന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.