ഹ്യൂസ്റ്റൺ: വിനോദ യാത്രക്കിടയിൽ ലേക്കിൽ വീണ മലയാളി യുവാവിന് വേണ്ടിയുള്ള തിരച്ചിൽ 8 മണിക്കൂർ പിന്നിട്ടു. കൂട്ടുകാരുമൊത്തു സാൻ അന്റോണിയയിലെ ലേക്ക് ക്യാനിയനിൽ ബോട്ട് യാത്ര നടത്തുന്നതിനിടയിൽ വെള്ളത്തിൽ വീണ കൂട്ടുകാരനെ രക്ഷിക്കാൻ ലേക്കിലേക്കു ചാടിയതായിരുന്നു ജോയൽ പുത്തൻപുര എന്ന ഇരുപതുകാരൻ.
വര്ഷങ്ങളായി ഹ്യൂസ്റ്റൺ നിൽ താമസിക്കുന്ന ജിജോ-ലൈല ദമ്പതികളുടെ മൂന്ന് ആണ്മക്കളിൽ മൂത്ത ആളാണ് ജോയൽ.
ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. ഉടനടി സ്ഥലത്തെത്തിയ സാൻ അന്റോണിയോ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു. നൂതന സാമഗ്രികളും സ്‌കാനറും മറ്റും ഉപയോഗിച്ചായിരുന്നു തിരച്ചിൽ. എൺപതു അടിയോളം ആഴത്തിൽ വെള്ളമുള്ള ഒഴുക്കില്ലാത്ത ജലാശയമാണ് ലേക്ക് കാനിയെൻ. അതുകൊണ്ടു തന്നെ പ്രകാശം കുറവായതിനാൽ രാത്രി 8.30 ഓടെ തിരച്ചിൽ നിർത്തിവെക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.
ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക് സമൂഹാംഗമായ ജിജോ പുത്തൻപുരയ്ക്കും കുടുബത്തിനും ഒപ്പം വൈദികൻ ഉൾപ്പടെ ധാരാളമാളുകൾ ഹ്യൂസ്റ്റനിൽ നിന്നും സാൻ അന്റോണിയോയിലെത്തി പ്രാർഥനയോടെ ക്യാമ്പ് ചെയ്യുന്നുണ്ട്.