കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

Spread the love

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ 12-ാം ചരമ വാര്‍ഷികം മെയ് 31-നാണ്. മാധവിക്കുട്ടി എന്ന കമലാ സുരയ്യ 1934 മാര്‍ച്ച് 31-ന് പുന്നയൂര്‍ക്കുളത്താണ് ജനിച്ചത്. 2009 മെയ് 31-ന് പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.

പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടേയും മകള്‍. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. ചിത്രരചനയിലും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്.

               

ആദ്യമായി മാധവിക്കുട്ടിയെ പരിചയപ്പെടുന്നത് ലോകപ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും അവരുടെ ബന്ധുവുമായ ഒബ്രിമെനന്‍ 1984-ല്‍ പുന്നയൂര്‍ക്കുളത്ത് അതിഥിയായി വസിക്കുമ്പോഴാണ്. അന്ന് ഒബ്രിമെനനും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ഗ്രഹം ഹാളിനും മാധവിക്കുട്ടിയും ഞാനും മാത്രമേ അടുത്ത സഹായികളായി ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ നാട്ടില്‍ വരുമ്പോഴൊക്കെ മാധവിക്കുട്ടിയെ സന്ദര്‍ശിക്കുക പതിവായിരുന്നു. അവര്‍ ബംഗളൂരുവില്‍ മകന്റെ കൂടെ  താമസിക്കുമ്പോഴാണ് എന്റെ ‘സ്നേഹ സൂചി’ എന്ന കവിതാസമാഹാരത്തിനു  അവതാരിക എഴുതി തന്നത്.

2001-ല്‍ ‘സ്നേഹ സൂചി’ പ്രകാശനം ചെയ്ത സംഭവം ഇന്നും മനസ്സില്‍ ഒരവസ്മരണീയ സംഭവമായി ശോഭയോടെ കിടക്കുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സി.ഡി, മകന്‍ മന്ത്രി മുനീര്‍ മന്ത്രി കുഞ്ഞാലിക്കുട്ടി കൊടുത്ത്, എറണാകുളത്തെ ചന്ദ്രിക പത്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്യുന്ന മഹനീയമായ സുദിനം.

ആ വേദിയില്‍ വെച്ച് ‘സ്നേഹ സൂചി’യും പ്രകാശനം ചെയ്യാമെന്നാണ് കമല സുരയ്യ സമ്മതിച്ചിരുന്നത്. അപ്രകാരം ഞാന്‍ സ്ഥലത്തെത്തി, അവര്‍ക്ക് ഫോണ്‍ ചെയ്തു. വേലക്കാരി പറഞ്ഞു: അമ്മയ്ക്ക് തീരെ സുഖമില്ല; ഇന്ന് എവിടേക്കും പോണില്ല. അതു കേട്ട പാടെ ഞാന്‍ നിശ്ശബ്ദനായി. തിരക്കേറിയ കോമ്പൗണ്ടില്‍ ഭാരവാഹികളോടോ മറ്റാരോടോ ഒന്നും ചോദിക്കാന്‍ കഴിയാതെ, അലക്ഷ്യമായി നടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. ഒരു ആരവം കേള്‍ക്കുന്നു…. ജനം ഗേറ്റിനടുത്തേക്ക് തിരക്കിട്ട് നടക്കുന്നു, ഒപ്പം മന്ത്രി കുഞ്ഞാലിക്കുട്ടിയും. എന്റെ പാദവും യാന്ത്രികമായി ആ ഭാഗത്തേക്ക് നീങ്ങി. കുഞ്ഞാലിക്കുട്ടിയടക്കം ഒരുകൂട്ടം പേര്‍ സുരയ്യയെ സ്വീകരിച്ചാനയിച്ച് കൊണ്ടുവരുന്നു. എനിക്കൊരു പുതുജീവന്‍ ലഭിച്ച പ്രതീതി. എന്നെ കണ്ട മാത്രയില്‍ അവര്‍ പറഞ്ഞു…”അബ്ദുവിന്റെ ശാപം ഏല്‍ക്കേണ്ടെന്ന് വെച്ച് മാത്രമാണ് ഞാന്‍ വന്നത്!”

തുടര്‍ന്ന് കമല സുരയ്യ എന്റെ കവിതകളെ സദസ്സിനു മുമ്പാകെ പരിചയപ്പെടുത്തി, സ്നേഹ സൂചി മന്ത്രി മുനീറിന് കൊടുത്തുകൊണ്ട് പ്രകാശനം ചെയ്തു; എന്നെ ലോകത്തിനു പരിചയപ്പെടുത്തി.

ഇരുപതു വര്‍ഷം പിന്നിട്ടിട്ടും ഇന്നും സ്നേഹ സൂചിയുടെ പ്രകാശനം മനസ്സില്‍ പൊന്നശോകം പൂത്തപോലെ വിളങ്ങി കിടക്കുമ്പോള്‍ തോന്നും: ഒരു വ്യക്തി അപരനെ സ്മരിക്കുന്നത്, ആദരിക്കുന്നത് പരന്‍ അറിഞ്ഞോ, അറിയാതെയോ, സ്വാര്‍ത്ഥരഹിതംഅഅയോ ചെയ്ത നല്ല കാര്യങ്ങള്‍ അയവിറക്കുമ്പോഴാണ്.

ചില വ്യക്തികളുടെ ദൈവദത്തമായ സൗന്ദര്യം മനുഷ്യരിലേക്ക് ആകര്‍ഷിക്കുന്നു. അത്തരം ഒരു മഹദ്‌വ്യക്തിയായി സുരയ്യയെ ഞാന്‍ കാണുന്നു. അതുകൊണ്ടാവണം അവര്‍ നിത്യനിദ്ര പൂകുന്ന തിരുവനന്തപുരത്തെ പാളയം പള്ളിയോട് ചേര്‍ന്ന ശാന്തമായ ഖബറിടത്ത് ചെന്ന് ആ നിത്യഹരിത കഥാകാരിക്ക് ആദരാഞ്ജലി ഞാനര്‍പ്പിച്ചത്.

കമലാ സുരയ്യയ്ക്ക് വീണ്ടും ഓര്‍മ്മപ്പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു….നീര്‍മ്മാതളത്തിന്റെ മന്ദമാരുതനേറ്റ പുന്നയൂര്‍ക്കുളത്തെ അവരുടെ സ്മരണാ സമുച്ചയത്തില്‍, പുന്നയൂര്‍ക്കുളത്തും പരിസരത്തുമുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച, പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ഉദ്ഘാടനം 2021 മാര്‍ച്ചിലും, കവിയരങ്ങ് ഏപ്രിലിലും സമുചിതമായി കൊണ്ടാടിയതിലും അതിന്റെ അദ്ധ്യക്ഷനാകാന്‍ എനിക്ക് അവസരം ലഭിച്ചതിലും.

                                                   റിപ്പോർട്ട് : മൊയ്തീന്‍ പുത്തന്‍‌ചിറ

Author

Leave a Reply

Your email address will not be published. Required fields are marked *