കുടുംബശ്രീ – അയല്‍ക്കൂട്ട ബാങ്കിടപാടുകൾക്ക് ഇനി ശ്രീ ഇ – പേ

Spread the love

കുടുംബശ്രീ ജില്ലാ മിഷന്റെയും തൃശൂർ ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ  ജില്ലയിലെ മുഴുവന്‍ അയൽക്കൂട്ട അംഗങ്ങള്‍ക്കുമായി ‘ശ്രീ ഇ–പേ’ ക്യാമ്പയിന് തുടക്കമായി.

അയൽകൂട്ടങ്ങളുടെ ബാങ്കിടപാടുകൾ  ഡിജിറ്റലായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ    കുടുംബശ്രീയുടെ അടിത്തറയായ അയൽക്കൂട്ട യോഗങ്ങള്‍ നേരിട്ട് നടത്താന്‍ സാധിക്കാതെ വരികയും വെര്‍ച്വൽ  അയൽക്കൂട്ട യോഗങ്ങള്‍ വഴി (ഗൂഗിള്‍ മീറ്റ്, വാട്‌സ്ആപ്പ് എന്നിവ) അയൽക്കൂട്ട യോഗങ്ങള്‍ നടത്തി  സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയുമാണ് ചെയ്യുന്നത്.

എന്നാൽ അയൽക്കൂട്ടത്തിലെ ലഘു സമ്പാദ്യം, വായ്പാ തിരിച്ചടവ്, ആന്തരിക വായ്പ എടുക്കൽ, തിരിച്ചടക്കൽ  എന്നിങ്ങനെയുള്ള ബാങ്ക് ഇടപാടുകള്‍ വീട്ടിൽ ഇരുന്നു തന്നെ എങ്ങനെ നടത്താം എന്ന്  അയൽക്കൂട്ട അംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ക്യാമ്പയിനിന്റെ പ്രധാനലക്ഷ്യം.

തൃശൂര്‍ ജില്ലയിലെ 16 ബ്ലോക്കുകളിലെയും സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി 223 ബാച്ചുകളിലായി 14082 അംഗങ്ങളാണ് ഈ ക്യാമ്പയിനിൽ പങ്കാളികളായത്.  മഹാമാരിക്കാലത്ത് അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പദ്ധതി ഏറെ പ്രയോജനപ്പെടും.

Author

Leave a Reply

Your email address will not be published. Required fields are marked *