പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിക്കും

Spread the love

post

തിരുവനന്തപുരം : പറമ്പിക്കുളം  ആളിയാര്‍ കരാര്‍ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം തമിഴ്‌നാടിനും കേരളത്തിനും സമ്മതമായ ഒരു ഒത്തുതീര്‍പ്പിലെത്തിയാവും പുതിയ കരാര്‍ നടപ്പില്‍ വരുത്തുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാകില്ലെന്നും ഉറപ്പുവരുത്തും. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

നദീതടങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. കാവേരി തടത്തില്‍ നിന്ന് ലഭിക്കുന്ന 30 ടി.എം.സി വെള്ളം അട്ടപ്പാടിവാലി ജലസേചന പദ്ധതി പോലെയുള്ള അനുയോജ്യ പദ്ധതികള്‍ക്ക് വിനിയോഗിക്കാന്‍ ശ്രമിക്കും. കടലാക്രമണം രൂക്ഷമായ ചെല്ലാനം, കൈപ്പമംഗലം, ചേര്‍ത്തല, പൂന്തുറ എന്നിവിടങ്ങളില്‍ കഴിയുന്നവരുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കും.

ജലവിഭവ മേഖലയില്‍ എന്‍ജിനിയറിംഗ് സ്റ്റാര്‍ട്ട്അപ്പുകളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വളക്കൂറുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കും. പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍പ് നേരത്തെ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളുടെയും തുറന്ന കിണര്‍ റീചാര്‍ജിംഗിന്റേയും ഓഡിറ്റ് നടത്തും.

ജലവിഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുള്ള ഏക ആധികാരിക വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായി കേരള വാട്ടര്‍ റിസോഴ്‌സസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കമ്മീഷന്‍ ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍, പ്രളയ മുന്നറിയിപ്പുകള്‍, റിസര്‍വോയറുകളിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനം നടത്തിയ പ്രദേശം, ഉപരിതല ജലവും ഭൂജലവും മുതലായവ സംബന്ധിച്ച വിവരങ്ങളാകും ഇതിലുണ്ടാകുക.

നദീതടങ്ങളിലെ ജലസംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി റിവര്‍ ബേസിന്‍ കണ്‍സര്‍വേഷന്‍ ആന്റ് മാനേജ്‌മെന്റ് അതോറിറ്റി ജലവിഭവ വകുപ്പ് രൂപീകരിക്കും.

കര്‍ഷകസഹകാരികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും ഗുണത്തിനായി കമ്യൂണിറ്റി ബേസ്ഡ് മൈക്രോ-ഇറിഗേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. അന്തരിച്ച മുന്‍മന്ത്രി കെ.എം. മാണിയുടെ ഓര്‍മയ്ക്കായി കമ്യൂണിറ്റി ബേസ്ഡ് മൈക്രോ-ഇറിഗേഷന്‍ പദ്ധതി കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

കോവിഡ് മഹാമാരിയുടെ പരാധീനതകള്‍ക്കിടയിലും 2020-21 കാലയളവില്‍ ആകെ 4,04,464 വ്യക്തിഗത ജലവിതരണ കണക്ഷനുകള്‍ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമീണ കുടുംബങ്ങളില്‍ ലഭ്യമാക്കി.

കടലാക്രമണം രൂക്ഷമാകുന്ന തീരമേഖലകളായ ചെല്ലാനം, കൈപ്പമംഗലം, ചേര്‍ത്തല, പൂന്തുറ എന്നിവിടങ്ങളിലെ അന്തേവാസികളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കാന്‍ അതീവശ്രദ്ധ നല്‍കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

(ബഹു. ഗവര്‍ണ്ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ജലവിഭവ വകുപ്പിനെക്കുറിച്ച് പ്രതിപാദിച്ച ഭാഗത്തില്‍ നിന്ന്.)

Author

Leave a Reply

Your email address will not be published. Required fields are marked *