2020 – 21 അധ്യയനവർഷം സ്കൂൾ തുറന്ന് യഥാർത്ഥ ക്ലാസ് തുടങ്ങാൻ സാധിച്ചില്ല. ആയതിനാൽ പരമാവധി അധ്യയന ദിനം ലഭ്യമാകുന്ന വിധത്തിൽ അവധിദിനം കൂടി പ്രയോജനപ്പെടുത്തി. കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസ് നൽകാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2020 ജൂൺ ഒന്നുമുതൽ രണ്ടാഴ്ചത്തേക്ക് ട്രയൽ ആയും പിന്നീട് സാധാരണ രീതിയിലും ക്ലാസുകൾക്ക് തുടക്കംകുറിച്ചു.
എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയൽ നടത്താൻ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഡിജിറ്റൽ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് ഒരു സർവേ നടത്തി. ഏകദേശം 2.6 ലക്ഷം കുട്ടികൾക്ക് ഇപ്രകാരമുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തി.
ട്രയൽ ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ടോ എന്നും അവർക്ക് ക്ലാസുകൾ കാണുന്നതിനുള്ള ഉപകരണങ്ങളുടെ ദൗർലഭ്യത ഉണ്ടോയെന്നും സ്കൂൾ- ക്ലാസ് തലത്തിൽ അധ്യാപകർ നേരിട്ട് വിലയിരുത്തുകയും കുടുംബശ്രീ, പി ടി എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവയുടെ സഹകരണത്തോടെ അടിയന്തര യോഗങ്ങൾ ചേർന്ന് ഓരോ കുട്ടിക്കും ക്ലാസുകൾ ലഭിക്കുന്നതിനുള്ള ശ്രമം നടത്തി.
സ്കൂൾതലത്തിൽ പരിഹരിക്കാൻ കഴിയാത്തവ എ ഇ ഒ,ഡി ഇ ഒ തലത്തിലും അല്ലാത്തവ പൊതുവിദ്യാഭ്യാസ ഡയറക്ടർ തലംവരെയുള്ളവർ ഇടപെട്ടും പരിഹരിക്കാൻ ശ്രമിച്ചു. ഇപ്രകാരം ഡിജിറ്റൽ സൗകര്യമില്ലാതെ വരുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വന്നു. ട്രയൽ ക്ലാസുകൾ പൂർത്തിയായ മുറയ്ക്ക് ഏകദേശം പൂർണമായും കുട്ടികളെ ഡിജിറ്റൽ ക്ലാസ് സൗകര്യം ലഭിക്കുന്നവർ ആക്കി മാറ്റി.
ഈ വർഷം കഴിഞ്ഞ വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ക്ലാസുകൾ കൈറ്റ് – വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇപ്രാവശ്യവും ട്രയൽ കാലയളവിൽ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഉറപ്പാക്കിയ ശേഷമാണ് തുടർ ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർനെറ്റ് സൗകര്യവും 1,20,000 ലാപ്ടോപ്പുകളും 70,000 പ്രോജക്ടുകളും ഈ പഠനത്തിന് ഉപയോഗിക്കാൻ ഈ വർഷവും അനുമതി നൽകിയിട്ടുണ്ട്.