കാസര്‍കോട് കളക്ടറേറ്റ് മന്ദിരത്തില്‍ സര്‍ക്കാര്‍ മുദ്ര ആലേഖനം ചെയ്തു

post

കാസര്‍കോട് : കളക്ടറേറ്റ് മന്ദിരത്തില്‍  ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്‍ക്കും. പ്രധാന കെട്ടിടത്തിലെ ക്ലോക്ക് ടവറിനോട് ചേര്‍ന്നാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. കൊടിമരത്തോട് ചേര്‍ന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും പിന്നാലെ സര്‍ക്കാര്‍ മുദ്രകൂടി വന്നതോടെ കളക്ടറേറ്റിന്റെ ആകര്‍ഷണീയത ഇരട്ടിയായി. എട്ട് അടി വീതിയിലും അഞ്ച് അടി നീളത്തിലുമാണ് കേരള സര്‍ക്കാരിന്റെ മുദ്ര തയ്യാറാക്കിയത്.

കെട്ടിടവും പരിസരവും മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ആശയത്തില്‍ നിന്നുമാണ് ക്ലോക്ക് ടവര്‍ ഉള്‍പ്പെടെ യാഥാര്‍ഥ്യമായത്. പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ഫിറ്റ്‌നസ് പാര്‍ക്കും തുടങ്ങിയതോടെ പൊതുജനങ്ങളുടെ ശ്രദ്ധയും ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ചു. പ്രതിദിനം 400 ലേറെ ആളുകള്‍ വ്യായാമങ്ങള്‍ക്കായി ഈ കേന്ദ്രത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.  പൊതു ഇടങ്ങള്‍ വിപുലീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഫിറ്റ്‌നസ് പാര്‍ക്ക് വിപുലീകരിക്കാനും തിരുമാനിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ അഭ്യര്‍ഥനപ്രകാരം ഖത്തര്‍ വ്യവസായി കാപിറ്റോള്‍ ഓണ്‍ ഉടമ ഖാദര്‍ ആണ് സര്‍ക്കാര്‍ മുദ്ര സംഭാവന ചെയ്തത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ അബു പ്ലസ് മാര്‍ക്കില്‍ നിന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ് ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രവികുമാര്‍, ഓവര്‍സീയര്‍ രാജേഷ്, ടി എ ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave Comment