റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; 69.75 ലക്ഷം രൂപ അനുവദിച്ചു

                         

റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാംതന്നെ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിക്ക് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

2260 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഈ ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദനരഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക റിസപ്ഷന്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, ഒരേസമയം ആറു പേരെ പരിചരിക്കാനുള്ള സ്റ്റേജ് വണ്‍ ലേബര്‍ റൂം, നാലു പേരുടെ പ്രസവം ഒരേസമയം എടുക്കാന്‍ കഴിയുന്ന ലേബര്‍ സ്യൂട്ട്, റിക്കവറി റൂം എന്നിവ സജ്ജമാക്കും. ഇതുകൂടാതെ നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റും ലേബര്‍ റൂമിനോട് അനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കും.

പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന താലൂക്കുതല ആശുപത്രിയാണ് റാന്നി താലൂക്ക് ആശുപത്രി. ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാകുന്നതോടെ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും.

Leave Comment