കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നത്.
കോവിഡ് മൂലകാരണമായിട്ടുള്ള എല്ലാ മരണങ്ങളും പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടത്. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കേരളത്തില്‍ കോവിഡ് മരണം രേഖപ്പെടുത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നത്. ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യസംഘടനയോ നിര്‍ദേശിക്കുന്നില്ല. കോവിഡിന്റെ അനന്തര ഫലമായി ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ വന്ന് പിന്നീട് ഇവര്‍ മരിച്ചാലും കോവിഡ് മരണമായി പരിഗണിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.
കോവിഡ് മൂലകാരണമായ എല്ലാ മരണങ്ങളും കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കൂ. കോവിഡ് ലിസ്റ്റ് അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദൃതഗതിയിലുള്ള നടപടി സ്വീകരിക്കണം. മരണനിരക്ക് കുറച്ചുകാട്ടി മേനി നടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലുമെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇപ്പോള്‍ ദയനീയാവസ്ഥയിലാണ് എന്നതാണ് വസ്തുത.
കോവിഡ് മൂലം കേരളത്തില്‍ 13, 235 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ 25,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ആരോഗ്യവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന് ഇതില്‍ നിന്നു വ്യക്തം.
സംസ്ഥാനത്ത് ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കോവിഡ് അതിവേഗം വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 28ന് സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 13, 658 ആയി കുതിച്ചുയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ചുള്ള തീക്കളിയാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയെങ്കിലും സര്‍ക്കാരിന് കുലുക്കമില്ലെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.