ഹൂസ്റ്റണ്‍ : വാതിലില്‍ തട്ടി വിളിച്ച ശേഷം അകത്തേക്കു കയറി അജ്ഞാതന്‍ വീട്ടിലുണ്ടായിരുന്ന കുട്ടികളെയും മാതാപിതാക്കളെയും വെടിവച്ചു. ആക്രമണത്തില്‍ ഡോണ്‍ വയ ലാഗ്‌വേ (29), ഗ്രിഗറി കാറി (35), ഹാര്‍മണി (6) എന്നിവര്‍ കൊല്ലപ്പെട്ടു.
സോഫയില്‍ നിരത്തി ഇരുത്തിയ ശേഷം ഒരോരുത്തരെയായി വെടിവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30 ഓടെ സൗത്ത് ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. വീട്ടില്‍ മാതാപിതാക്കളും 10 ഉം, 6 ഉം, ഒന്നും വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ എട്ടു വയസ്സുള്ള മകന്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു.
സോഫയില്‍ നിരത്തി ഇരുത്തിയശേഷം ആദ്യം വെടിയുതിര്‍ത്തത് 10 വയസ്സുള്ള പെണ്‍കുട്ടിക്കു നേരെയാണ്. കയ്യില്‍ വെടിയേറ്റ കുട്ടി നിലത്തേക്ക് വീഴുകയും, മരിച്ചതുപോലെ കിടക്കുകയും ചെയ്തതിനാല്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. പിന്നീട് ആറു വയസ്സുള്ള കുട്ടിക്കും, മാതാപിതാക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. മൂവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. വെടിയേറ്റ പത്തു വയസ്സുകാരി മുത്തശ്ശിയുമായി ബന്ധപ്പെട്ടതോടെയാണു വിവരം പുറത്തറിഞ്ഞത്. ഒരു വയസ്സുള്ള കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിനുശേഷം രക്ഷപ്പെട്ട അക്രമിയെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇയാളെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പത്തു വയസ്സുകാരിക്ക് കഴിയുന്നില്ല. സംഭവത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
റിപ്പോർട്ട് : പി.പി.ചെറിയാന്‍