യുജിസി അംഗീകൃത ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളുമായി ജെയിന്‍

Spread the love

കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്‌സുകള്‍ ആരംഭിച്ചു. കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്‌സുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അവരുടെ നാക്, എന്‍ഐആര്‍എഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ യുജി, പിജി ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കാന്‍ യുജിസി ഈയിടെയാണ് അനുമതി നല്‍കിയത്.

3 സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റാങ്കിങ് ഫ്രെയിംവര്‍ക്) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി ലഭ്യമായിട്ടുണ്ട്.

അണ്ടര്‍ ഗ്രാജ്വേറ്റില്‍ രണ്ടും പിജിയില്‍ ഏഴ് വിഭാഗങ്ങളിലുമാണ് കോഴ്‌സുകള്‍ നല്‍കുന്നത്. ഈ വിഭാഗങ്ങളിലായി നൂതന വിഷയങ്ങളായ ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂറിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങി 72 വിഷയങ്ങളില്‍ നിന്നായി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐച്ഛിക വിഷയം തെരഞ്ഞെടുക്കാം. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ മിക്കവയ്ക്കും ആഗോള പ്രൊഫഷണല്‍ സംഘടനകളുടെ അംഗീകാരവും ഉള്ളതാണ്.

തങ്ങളുടെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) വിദ്യാര്‍ഥികള്‍ക്ക് രസകരവും ജ്ഞാനസമ്പുഷ്ടവുമായ പഠനാനുഭവം പ്രദാനം ചെയ്യാനാണ് ജെയിന്‍ ലക്ഷ്യമിടുന്നത്. വീഡിയോകള്‍, സ്വയം പഠന ഉപകരണങ്ങള്‍, വെര്‍ച്വല്‍ ലാബുകള്‍, സംവാദവേദികള്‍, ആഗോളതലത്തില്‍ പ്രശസ്തരായ ഫാക്കല്‍റ്റികളുടെ വാരാന്ത്യത്തിലുള്ള ലൈവ് ക്ലാസുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഒരു പ്രോഗ്രാം മാനേജറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകളുടെ സമയക്രമം യൂണിവേഴ്‌സിറ്റിയുടെ റെഗുലര്‍ കോഴ്‌സുകളുടേതിന് സമാനമാണ്. കോഴ്‌സിന് ശേഷം ജോബ് പ്ലേസ്‌മെന്റ് സേവനം ജെയിന്‍ ഓണ്‍ലൈനിലും ലഭ്യമായിരിക്കും.

മഹാമാരിയും സാങ്കേതികവിദ്യയിലെ മുന്നേറ്റവും ആഗോളതലത്തില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയിട്ടുള്ള വന്‍ മാറ്റങ്ങള്‍ ഈ രംഗത്ത് വെല്ലുവിളികളോടൊപ്പം അവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളും മാറാന്‍ നിര്‍ബന്ധിതമാകുമ്പോള്‍  ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്‍ മാറ്റമാണ് കൊണ്ടുവരുന്നത്. വിപണിയുടെ ആവശ്യത്തിനൊത്ത് വിവിധങ്ങളായ പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുന്നുവെന്നും ഡോ. ചെന്‍രാജ് റോയ്ചന്ദ് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികളുടെ പഠന സാഹചര്യത്തെ സഹായിക്കാനും ഇ-ലേണിങ്ങിലുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ഒരു സര്‍വകലാശാലയെന്ന നിലയില്‍ പ്രതിബദ്ധരാണെന്ന് ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ളതും രാജ്യാന്തരതലത്തില്‍ കിടപിടിക്കുന്നതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധത ജെയിന്‍ ഓണ്‍ലൈനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്  :  Reshmi Kartha

Author

Leave a Reply

Your email address will not be published. Required fields are marked *