ഇ-സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി


on July 5th, 2021

ab

കോവിഡ് കാലത്ത് യാത്ര ചെയ്യാതെ സൗജന്യ വിദഗ്ധ ചികിത്സ

തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ സൗജന്യ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ തേടിയത്. രണ്ടായിരത്തോളം പേര്‍ പ്രതിദിനം ഇ സഞ്ജീവനി വഴി ചികിത്സ തേടുന്നു. രണ്ടായിരത്തി അഞ്ഞുറോളം ഡോക്ടര്‍മാര്‍ സേവന സന്നദ്ധരായുണ്ട്.

ഇ സഞ്ജീവനി സേവനം പരമാവധി ആളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പതിവ് ഒപി ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഓണ്‍ലൈന്‍ വഴി ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് ഇ സഞ്ജീവനി വികസിപ്പിച്ചിട്ടുള്ളത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സൈക്യാട്രി, ശിശുരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നല്‍കുന്നു. മെഡിക്കല്‍ കോളേജുകളുടേയും ആയുഷ് വകുപ്പിന്റേയും സേവനങ്ങളും ഇ സഞ്ജീവനിയില്‍ ലഭ്യമാണ്. കോവിഡ് ഒ.പി സേവനം 24 മണിക്കൂറും ലഭിക്കും. കുട്ടികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്കായുള്ള ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സേവനവും ലഭ്യമാണ്.

ഇ സഞ്ജീവനി സേവനങ്ങള്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വോളന്റിയര്‍മാര്‍ വഴിയും ജനങ്ങളില്‍ കൂടുതലായി എത്തുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സേവനങ്ങള്‍ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഭവന സന്ദര്‍ശന വേളകളില്‍ സാഹചര്യങ്ങള്‍ മനസിലാക്കിക്കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കും.

esanjeevaniopd.in എന്ന വെബ്‌സൈറ്റിലും ഇ സഞ്ജീവനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് സേവനങ്ങള്‍ ലഭിക്കുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം. കാത്തിരിപ്പ് സമയം ശരാശരി 6 മിനിറ്റിന് താഴെയാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *