കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

Spread the love

                     

നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്‌സ് 3.22 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചെലവിൽ നിർമിച്ച കോംപ്ലക്‌സിൽ 11 ലിഫ്റ്റുകളും 2 എക്‌സലേറ്ററുകളുമാണുള്ളത്.
നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.റ്റി.ഡി.എഫ്.സിക്ക് 30 വർഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും.
പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെയും പൊതുമരാമത്തു വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ നിരന്തരമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് പ്രശ്‌നങ്ങൾ  പരിഹരിച്ച് ബസ് ടെർമിനൽ കോംപ്ലക്‌സ് തുറക്കാനും ധാരണാ പത്രത്തിൽ ഒപ്പു വയ്ക്കാനും തീരുമാനമായത്.
കോഴിക്കോടിന്റെ വ്യാപാര വാണിജ്യ മേഖലകൾക്ക് മുതൽക്കൂട്ടാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയത്തോട് ചേർന്ന് 250 കാറുകൾക്കും 600 ഇരുചക്രവാഹനങ്ങൾക്കും 40 ബസുകൾക്കും പാർക്കിംഗ് സൗകര്യമുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *