പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി, ആരോഗ്യം, നാടിന്റെ പൊതു പുരോഗതിക്കും ശുചിത്വമിഷനും ഹരിതകേരള മിഷനും നിര്‍ണ്ണായക പങ്ക് വഹിച്ചുവരുന്നു. ജില്ലയില്‍ കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ തയാറാക്കി വരുകയാണ്. ജില്ലാ പ്ലാനിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം ശുചിത്വ മിഷന്റെ ബൃഹത്തായ പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണം ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ടയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വീടുകളില്‍ ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള സംസ്‌കരണ ഉപാധികള്‍, കമ്മ്യൂണിറ്റിതല സംസ്‌കരണ ഉപാധികളായ തുമ്പൂര്‍മൂഴി, ബയോഗ്യാസ് എന്നിവയുടെ മാതൃകകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഹരിത ഓഫീസ് എന്ന നിലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കിയുള്ള പ്രവര്‍ത്തനവും ശുചിത്വ മാലിന്യ സംസ്‌ക്കരണത്തിന്റെ അവബോധ സന്ദേശങ്ങളും മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഓഫീസ് മാതൃകയും പൊതുജനങ്ങള്‍ക്ക് നേരിട്ടുകണ്ട് മനസിലാക്കാനാകും. പത്തനംതിട്ട കോളേജ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമാണു പുതിയ ഓഫീസ്.
ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ശുചിത്വ മിഷന് അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും ശുചിത്വ അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന് കഴിഞ്ഞുവരുന്നതായും ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ പറഞ്ഞു. എഡിസി ജനറല്‍ കെ.കെവിമല്‍ രാജ്, ഡിഡിപി കെ.ആര്‍ സുമേഷ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി മാനേജര്‍ എം.ബി ദിലീപ് കുമാര്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ അനു, അസി. പ്രോജക്ട് ഓഫീസര്‍ പി.എന്‍.ശോഭന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സി. എന്‍ജിനീയര്‍ വി.സുചിത്ര, ഐഡിബിഐ ബാങ്ക് മാനേജര്‍ മനു കെ.മാത്യു, അജയ്, സക്കറിയ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.