സിക്ക വൈറസ് : ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്


on July 13th, 2021

കൊതുകിനെ തുരത്താം, ഒപ്പം സിക്കയേയും ഡെങ്കിയേയും
സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏൽക്കുന്നതിലൂടെയാണ് ഒരാൾക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാൻ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകിൽ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള പ്രധാന മാർഗം. അതിനാൽ നിർബന്ധമായും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകിൽ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുൻ വർഷങ്ങളിൽ ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
                     

ഗർഭിണികളും ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതൽ എടുക്കണം. ഗർഭാവസ്ഥയിലെ ആദ്യ മാസങ്ങളിൽ സിക്ക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജ•നായുള്ള വൈകല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കൊതുക് കടി ഏൽക്കാതിരിക്കുകയാണ് പ്രധാന സുരക്ഷാ മാർഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേൽക്കാതിരിക്കാൻ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.
കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകൾക്ക് ഒരു വർഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. അതിനാലാണ് വെള്ളം കെട്ടിനിർത്തരുതെന്ന് പറയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരാൻ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകൾ, പൂച്ചട്ടികൾ, ടയറുകൾ മുതലായവ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം.
ലോക്ക് ഡൗൺ കാലയളവിൽ ദീർഘനാൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ കൊതുക് ധാരാളമായി മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. മാർക്കറ്റുകളിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനാലകളും വാതിലുകളും അടച്ചിടുക, ജനാലകൾക്കും വാതിലുകൾക്കും കൊതുകുവലകൾ ഉപയോഗിക്കുക, പകൽ ഉറങ്ങുമ്പോൾ പോലും കൊതുകുവല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്. വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുള്ളതിനാൽ അവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *