ജൂലൈ 22 ന് കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ച്; കേരളത്തിലെ കര്‍ഷകനേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Spread the love

കോട്ടയം: കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെയുള്ള ദേശീയ കര്‍ഷകപ്രക്ഷേഭത്തിന്റെ ഭാഗമായി ജൂലൈ 22ന് പാര്‍ലമെന്റിലേയ്ക്കുള്ള കര്‍ഷകമാര്‍ച്ചിന് കേരളത്തില്‍ നിന്നുള്ള കര്‍ഷകനേതാക്കള്‍ പങ്കെടുത്ത് നേതൃത്വം നല്‍കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്, കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, അഡ്വ.സുമിന്‍ എസ്. നെടുങ്ങാടന്‍, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, ജോസഫ് വടക്കേക്കര, അഥിരഥന്‍ പാലക്കാട്, പോള്‍സണ്‍ അങ്കമാലി, ജോയി മലമേല്‍, ആനന്ദന്‍ പയ്യാവൂര്‍, അമല്‍ പുളിക്കല്‍, ഹംസ പുല്ലാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കര്‍ഷകസംഘടനകളിലെ നൂറില്‍പരം പ്രവര്‍ത്തകര്‍ ജൂലൈ 19ന് ഡല്‍ഹിയിലേയ്ക്ക് കണ്ണൂരില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.30-ന് യാത്രതിരിക്കും. കര്‍ഷക നേതാക്കള്‍ക്ക് കണ്ണൂരില്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിവാദ്യം ചെയ്ത് പിന്തുണ പ്രഖ്യാപിക്കും.

കര്‍ഷകസമരം എട്ടാം മാസത്തിലേയ്ക്ക് കടന്നതോടുകൂടി പുതിയ സമരമുറകള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിച്ച് കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധിയിലും കര്‍ഷകസമരത്തിന്റെ വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിച്ചിരിക്കുന്നതെന്നും വരുംനാളുകളില്‍ കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്രാപിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസും കണ്‍വീനര്‍ ജോയി കണ്ണഞ്ചിറയും പറഞ്ഞു. ഡല്‍ഹിയില്‍വെച്ച് കേരള കര്‍ഷക പ്രതിനിധി സംഘം ദേശീയ കര്‍ഷകനേതാക്കളുമായും ഇതര സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ വന്യമൃഗശല്യം, ഭൂപ്രശ്‌നങ്ങള്‍, കാര്‍ഷിക വിലയിടിവ്, ബഫര്‍സോണ്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ദേശീയതലത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിക്കും. കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കര്‍ഷകനേതാക്കള്‍ സമര്‍പ്പിക്കും.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Author

Leave a Reply

Your email address will not be published. Required fields are marked *