പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ല ; മാധ്യമ വാർത്തയെ തള്ളി വിദ്യാഭ്യാസവകുപ്പ്

Spread the love
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ല എന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സർക്കാർ ഉത്തരവിൽ സ്കൂൾതല സമിതിയാണ് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ചുമതലകൂടി പ്രസ്തുത സമിതിയിൽ നിക്ഷിപ്തമായിരിക്കും എന്നാണ് ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്.
അധ്യാപകരോ സ്കൂൾ തല സമിതിയോ ഇതിനുവേണ്ടി സ്വന്തം നിലയിൽ പണം മുടക്കണം എന്നല്ല, മറിച്ച് കുട്ടികൾക്ക് ഇത് ലഭ്യമാക്കാനുള്ള ചുമതല പറ്റിയാണ് പ്രസ്തുത ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നത്.സ്കൂള്‍ തലസമിതിയുടെ  ഘടനയും പ്രസ്തുത ഉത്തരവുകളില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ സ്കൂള്‍തല സമിതിക്ക്  ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സംഭാവന, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി (CSR Fund), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങിയ നാട്ടിലുള്ള  വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം എന്നാണ് ഉദ്ദേശിക്കുന്നത്.
സ്കൂൾതലം, പഞ്ചായത്തുതലം, ജില്ലാതലം, സംസ്ഥാനതലം എന്നീ സ്ഥലങ്ങളിൽ എല്ലാം  തന്നെ കുട്ടികൾക്ക് ഉപകരണം ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൃത്യതപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മാധ്യമ വാർത്ത അവാസ്തവമാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി .

Author

Leave a Reply

Your email address will not be published. Required fields are marked *