മൂന്നാം തരംഗം: മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും

മരുന്നുകളും സുരക്ഷാ സാമഗ്രികളും സംസ്ഥാനത്ത് നിർമ്മിക്കും
സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകൾ തമ്മിൽ ചർച്ച നടത്തി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും കെ.എം.എസ്.സി.എൽ., കെ.എസ്.ഡി.പി.എൽ. മാനേജിംഗ് ഡയറക്ടർമാരും ചേർന്ന കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മൂന്നാം തരംഗത്തിൽ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കൽ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്.

ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡായതിനാൽ പൂട്ടിയതിനാൽ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തിൽ ഉണ്ടായി. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുൻകൂട്ടി ലഭ്യമാക്കണം. ഇത് കേരളത്തിൽ നിന്നുതന്നെ ലഭ്യമാക്കിയാൽ ആഭ്യന്തര ഉത്പാദകർക്കും സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തിൽ നിർമ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. കെ.എസ്.ഡി.പി.എൽ. വഴി കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മരുന്ന് നിർമ്മാണത്തിൽ വ്യവസായ വകുപ്പ് ഗൗരവമായി ചിന്തിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നത് സന്തോഷകരമായ കാര്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോവിഡ് സുരക്ഷാ സാമഗ്രികൾക്കൊപ്പം സംസ്ഥാനത്തിനാവശ്യമായ മരുന്നുകൾ കൂടി ഉത്പാദിപ്പിക്കാൻ കഴിയുമോ എന്ന പഠനം വ്യവസായ വകുപ്പിൽ നടക്കുകയാണ്. കെ.എസ്.ഡി.പി.എൽ. മരുന്ന് നിർമ്മാണത്തിൽ നല്ല രീതിയിൽ മുന്നേറുകയാണ്.
മെഡിക്കൽ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കൽ എക്യുപ്‌മെന്റ് ആന്റ് ഡിവൈസസ് പാർക്ക് തുടങ്ങാൻ പോകുകയാണ്. ഇതിലൂടെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും. ഇതൊടൊപ്പം ഗുണമേൻമയും ഉറപ്പ് വരുത്തും. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കെ.എം.എസ്.സി.എൽ., കെ.എസ്.ഡി.ഡി.പി.എൽ., കിൻഫ്ര, കെ.എസ്.ഐ.ഡി.സി. ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave Comment