എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈയൊരു ഗുരുതര post

സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചത്. ജില്ലകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 39,822 ഗര്‍ഭിണികളാണ് വാക്‌സിന്‍ എടുത്തത്. എന്നാല്‍ ചില ഗര്‍ഭിണികള്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നു. എല്ലാവരും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

                             

സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ യോഗം കൂടി ഗര്‍ഭിണകള്‍ക്ക് അവബോധം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ ഡോക്ടര്‍മാരും ഗൈനക്കോളജിസ്റ്റുമാരും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അവബോധം നല്‍കണം. ഗര്‍ഭിണികളായതിനാല്‍ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയില്‍ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന ഈ സമയത്ത് ആരില്‍ നിന്നും ആര്‍ക്കും രോഗം വരാം. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗമാണ് വാക്‌സിന്‍ സ്വീകരിക്കുക എന്നുള്ളത്. വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് പ്രതിരോധശേഷി വന്നശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്.

വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് വാക്‌സിന്‍ നല്‍കുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചാണ് വാക്‌സിന്‍ എടുപ്പിക്കുന്നത്. വാക്‌സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

35 വയസിന് മുകളില്‍ പ്രായമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ രോഗം ഗുരുതരമായേക്കാം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന കോവീഷീല്‍ഡോ, കോവാക്‌സിനോ ഇഷ്ടാനുസരണം സ്വീകരിക്കാം. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം. കഴിയുന്നതും മുന്നേ തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോള്‍, മുലയൂട്ടുന്ന സമയമായാല്‍ പോലും വാക്‌സിന്‍ എടുക്കുന്നതിന് യാതൊരു തടസവുമില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *