പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്.
നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും ശനിയാഴ്ച നീലിപിലാവില്‍ ആമകുന്നില് മുരുപ്പേല്‍ റഫീഖിനെ കാട്ടാന ആക്രമിക്കുകയും ചെയ്തിരുന്നു. റഫീഖിന്റെ വീടും പ്രദേശങ്ങളും എംഎല്‍എ യും സംഘവും സന്ദര്‍ശിച്ചു.
ചിറ്റാര്‍ പഞ്ചായത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് എംഎല്‍എ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ചിറ്റാര്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഹായത്തേടുകൂടി മാത്രമേ പരിഹാരം കാണാന്‍ കഴിയു. അതിനായി ജനപ്രതിനിധികളും വനപാലകരും പ്രദേശവാസികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജനകീയമാകണം. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനകീയ പങ്കാളിത്വത്തോടെ നടത്തണമെന്നും എംഎല്‍എ പറഞ്ഞു.
നീലിപിലാവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മുരുപ്പേല്‍ റഫീഖിന് ചികില്‍സാധന സഹായം അനുവദിച്ചു നല്‍കും. കാട്ടുമൃഗങ്ങളെ തുരുത്താന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പമ്പ് ആക്ഷന്‍ ഗണ്‍, എലിഫന്റ സ്കെയറിംഗ് യൂണിറ്റ്, കാര്‍ബണ്‍ ലെയിസര്, ലേസര്‍ എന്നിവ ഉപയോഗിക്കാനും, പട്രോളിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കും വനംവകുപ്പിന് സൗകര്യപ്രഥമായ വാഹനങ്ങള്‍ ലഭ്യമാക്കാനും നീലിപിലാവ്, ആമകുന്ന്, കൊടുമുടി, വേളിമല കോളനി, കട്ടച്ചിറ കോളനിക്കു ചുറ്റും എന്നീ പ്രദേശങ്ങളില്‍ പുതിയതായി സോളാര്‍ വേലി സ്ഥാപിക്കുകയും തകരാറിലായ സോളാര്‍ വേലികള്‍ വന സംരക്ഷണ സമതിയുടെ സഹായത്തോടെ അടിയന്തിരമായി മെയിന്റന്‍സ് നടത്താനും, കിടങ്ങുകള്‍ സ്ഥാപിക്കാനുള്ള പ്രദേശങ്ങളില്‍ എസ്റ്റിമേറ്റ് എടുക്കാനും, പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് വനം വകുപ്പും ജനപ്രതിനിധികളും സംയുക്തമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും ഇതിനായി വനം വകുപ്പ് ജീവനക്കാര്‍ എത്തി സ്ഥലവാസികളെ പങ്കെടുപ്പിച്ച് പ്രദേശങ്ങളില്‍ ജാഗ്രതാ സമതികള്‍ കൂടനും യോഗത്തില്‍ തീരുമാനമായി.
ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലേഖ സുരേഷ്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി മോഹന്‍, നബീസത്തു ബീവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാരായ രവി കണ്ടത്തില്‍, സൂസമ്മ ദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആദര്‍ശ വര്‍മ്മ, അമ്പിളി ഷാജി, ജയശ്രീ, റീന ബിനു, ജോര്‍ജ്കുട്ടി തെക്കേല്‍, ജിതേഷ് ഗോപാലകൃഷ്ണന്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്.വിനോദ്, ഡപ്യൂട്ടി റെയ്ഞ്ചര്‍ കെ.സുനില്‍, ചിറ്റാര്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഷഫീഖ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.