കരട് തീരദേശ പ്ലാനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധസമിതി : മുഖ്യമന്ത്രി

തിരുവനന്തപുരം: കരട് തീരദേശ പ്ലാനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എം. രാജഗോപാല്‍ എം. എല്‍. എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഈ രംഗത്തെ വിദഗ്ധരായ പി.ഇസഡ്. തോമസ്, പി.ബി. സഹസ്രനാമന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രമാണ് കരട് തയ്യാറാക്കിയത്.

2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ 18.01.2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി, അത് കേന്ദ്ര പരിസ്ഥിതി-വനം- കാലാവസ്ഥാവ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് വിജ്ഞാപനത്തിലെ ഇളവുകള്‍ സംസ്ഥാനത്ത് ബാധകമാകും.

post

കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം (NCESS) തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ സമര്‍പ്പിച്ച പ്രീ-ഡ്രാഫ്റ്റ് തീരദേശ പരിപാലന പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം, 2019-ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം വഴി സംസ്ഥാനത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശം, ഇതു സംബന്ധിച്ച മുന്‍ കമ്മിറ്റികളുടെ കണ്ടെത്തലുകളും ശുപാര്‍ശകളും പരിഗണിച്ചുള്ള നിര്‍ദ്ദേശങ്ങള്‍,  ജുഡീഷ്യല്‍ പ്രഖ്യാപനങ്ങള്‍ വിവിധ പങ്കാളികളുടെ പ്രാതിനിധ്യം കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ ഉചിതമായ ഭേദഗതി നിര്‍ദ്ദേശിക്കുക, തീരദേശ പരിപാലന പ്ലാന്‍ പോരായ്മകളില്ലാതെ തയ്യാറാക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന് പരിഗണിക്കാവുന്ന മറ്റ് ശിപാര്‍ശകള്‍ എന്നിവയാണ് കമ്മിറ്റി പരിഗണിക്കുക.

വിദഗ്ദ്ധ സമിതി ഇതിനകം രണ്ടുതവണ യോഗം ചേര്‍ന്നു. പ്രീ-ഡ്രാഫ്റ്റ് തയ്യാറാക്കുന്ന ഘട്ടത്തില്‍ ടൂറിസം പ്ലാന്‍, ഫിഷറീസ് പ്ലാന്‍ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ടൂറിസം പ്ലാന്‍ ലഭ്യമായിട്ടുണ്ട്. ഫിഷറീസ് പ്ലാന്‍ ജൂലൈ 25ന് ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരട് നല്‍കി അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം പബ്ലിക് ഹിയറിംഗ് നടത്തും. ആഗസ്റ്റ് അവസാനത്തോടെ പബ്ലിക് ഹിയറിംഗ് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീരദേശ പ്ലാന്‍ തയ്യാറാക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുക്കിയ പ്ലാന്‍ 2021 സെപ്റ്റംബര്‍ 30ന്  സമര്‍പ്പിക്കാനാകണമെന്നും തീരുമാനിച്ചിട്ടുണ്ട്. പൊക്കാളി നിലങ്ങള്‍ ഉള്‍പ്പെടെയുള്ള വയലുകളെല്ലാം നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലൂടെ സംരക്ഷിക്കപ്പെട്ടവയാണ്. ആ നില തുടരണമെന്ന് കണ്ടിട്ടുണ്ട്. 2019-ലെ സി. ആര്‍. സെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം സ്വകാര്യ മേഖലയിലെ കണ്ടലുകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ ഉള്‍പ്പെടുന്നില്ല എന്നതിനാല്‍ അത്തരം പ്രദേശങ്ങളെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്രീ-ഡ്രാഫ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാണ് ലഭിച്ചിട്ടുള്ള അഭിപ്രായം. വകുപ്പുതലത്തില്‍ തന്നെ പരമാവധി അപാകതകള്‍ പരിഹരിച്ചാല്‍ പബ്ലിക് ഹിയറിംഗ് സമയത്ത് പരാതികള്‍ കുറഞ്ഞിരിക്കുമെന്നതിനാല്‍ അതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അംഗം ഉന്നയിച്ച വലിയപറമ്പ പ്രദേശം കരട് പ്ലാന്‍ പ്രകാരം CRZ III B-യിലാണ്. ഈ പഞ്ചായത്തിന് പുതിയ വിജ്ഞാപന പ്രകാരമുള്ള ആനുകൂല്യങ്ങള്‍  ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി പരിശോധിക്കും.

Leave Comment