പ്രളയം തകര്‍ത്ത ആതുരാലയം ഇനി രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം

Spread the love

post

മലപ്പുറം : രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതി ഇനി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം. 2018ലെ പ്രളയം തകര്‍ത്ത ആതുരാലയം പത്തു കോടി രൂപ ചെലവഴിച്ച് പുനര്‍നിര്‍മിക്കുകയായിരുന്നു. ഡോ. ഷംസീര്‍ വയലിന്റെ നേതൃത്വത്തില്‍ വി. പി. എസ്. ഹെല്‍ത്ത് കെയറാണ് പുനര്‍നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയത്.  ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജൂലൈ 24) നിര്‍വഹിക്കും.

മദ്രാസ് ഐഐടിയിലെ വിദഗ്ധരാണ് കെട്ടിടത്തിന്റെ ഘടന തയ്യാറാക്കിയത്. തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളാണ് കെട്ടിട രൂപകല്‍പന നിര്‍വഹിച്ചത്.

സ്വകാര്യ ആശുപത്രികളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 15000 ചതുരശ്രയടി വിസ്തൃതിയുള്ള കുടുംബാരോഗ്യകേന്ദ്രത്തില്‍ വിപുലവും ആധുനികവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി റൂം, മിനി ഓപ്പറേഷന്‍ തിയേറ്റര്‍, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, കണ്‍സള്‍ട്ടിങ് റൂമുകള്‍, നഴ്‌സിങ് സ്റ്റേഷന്‍, മെഡിക്കല്‍ സ്റ്റോര്‍, വാക്‌സിന്‍ സ്റ്റോര്‍, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, വിഷന്‍ ആന്റ് ഡെന്റല്‍ ക്‌ളിനിക്, അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള പ്രത്യേക മേഖലകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ആരോഗ്യകേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. മികച്ച സംവിധാനങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളും ഓപ്പണ്‍ ജിംനേഷ്യവും കുട്ടികള്‍ക്കു വേണ്ടിയുള്ള കളിസ്ഥലവും, ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ലിഫ്റ്റ് റാമ്പ് സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവുള്ള രോഗികള്‍ക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷന്‍ യൂണിറ്റും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

ജനകീയ ആരോഗ്യ പദ്ധതിയായ ആര്‍ദ്രം മിഷന്‍ ആരോഗ്യമേഖലയെ എത്രത്തോളം മുന്നോട്ടു കൊണ്ടുപോയി എന്ന് വ്യക്തമാക്കുന്ന മികവ് ആശുപത്രി കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ദൃശ്യമാകും.

Author

Leave a Reply

Your email address will not be published. Required fields are marked *