വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്തവരെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റണം – ജില്ലാ കലക്ടര്‍

post

കോഴിക്കോട് : രോഗവ്യാപനം തടയാന്‍ കോവിഡ് പോസിറ്റീവായ വ്യക്തികളില്‍ വീടുകളില്‍ ക്വാറന്റയിന്‍ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഡൊമിസിലിയറി കെയര്‍ സെന്റര്‍ സൗകര്യമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണം.

ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സക്കെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് കലക്ടര്‍ പറഞ്ഞു.  കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് ക്യാമ്പുകള്‍ നടത്തും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തണം. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുനരാരംഭിക്കണം.

ആശാ വര്‍ക്കര്‍മാരെ കൂടി ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമ്പര്‍ക്ക പരിശോധന (കോണ്‍ട്രാക്ട് ട്രെയ്സിംഗ്) വര്‍ദ്ധിപ്പിക്കണം. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യണം.  ഒ.പികളില്‍ പരിശോധനയ്ക്ക് എത്തുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ടെസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ചാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായും സമയബന്ധിതമായും ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment