കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദിനംപ്രതി കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവര്‍ ആത്മഹത്യ ചെയ്യുന്ന അത്യന്തം സ്‌ഫോടനാത്മകായ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടായിട്ടും ഇടതുസര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇനിയെത്ര ജീവനെടുത്താലാണ് സര്‍ക്കാര്‍ ഉണരുകയെന്ന് അദ്ദേഹം ചോദിച്ചു.
ജൂലൈ മാസത്തില്‍ മാത്രം 12 പേരാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് മൂന്നു ദിവസത്തിനിടയില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണന്‍കുട്ടി കൃഷിക്കെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിമൂലമാണ് ജീവനൊടുക്കിയത്. വള്ളിക്കോട് പറളോടി വേലുക്കുട്ടിയും വട്ടിപ്പലിശക്കാരെ ഭയന്ന് ജീവനൊടുക്കി. ഇടുക്കിയില്‍ ഏലം കര്‍ഷകന്‍ സന്തോഷാണ് മരിച്ചത്.
തിരുവന്തപുരം നന്തന്‍കോട്ട് സ്വര്‍ണപ്പണിക്കാരന്‍ മനോജും കുടുംബവും കൂട്ടആത്മഹത്യ നടത്തി. അടിമാലിയില്‍ ബേക്കറി കടയുടമ വിനോദ്, തിരുവനന്തപുരം തച്ചോട്ടുകാവില്‍ സ്‌റ്റേഷനറി കടയുടമ വിജയകുമാര്‍, പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണി, വയനാട്ടില്‍ ബസുടമ പിസി രാജാമണി, തൃശൂരില്‍ ഡ്രൈവര്‍ ശരത്തും പിതാവ് ദാമോദരനും തുടങ്ങി നാനാ ജീവിതതുറകളില്‍പ്പെട്ടവരാണ് ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്ത് ജനങ്ങള്‍ ഈയംപാറ്റപോലെ മരിച്ചുവീഴുമ്പോള്‍ സര്‍ക്കാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. മൊറട്ടോറിയം അവസാനിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ബാങ്കുകള്‍ തലങ്ങും വിലങ്ങും നോട്ടീസ് അയയ്ക്കുകയാണ്. എന്നാല്‍ ബാങ്കുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. കൂടുതല്‍ വായപ്കളും വായ്പാ പുനക്രമീകരണവും ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പിടിച്ചുനില്ക്കാനാവൂ. ഇപ്പോഴത്തെ അതീവ ഗുരുതര സാഹചര്യത്തില്‍ ബാങ്ക് റിക്കവറികള്‍ അനുവദിക്കരുത്. വട്ടിപ്പലിശക്കാരെ നിയന്ത്രിച്ചില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.
കേരളത്തിലിപ്പോള്‍ ക്ഷാമമില്ലാത്തത് സര്‍ക്കാരിന്റെ പാക്കേജുകള്‍ക്കു മാത്രമാണ്. കോവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ പ്രഖ്യാപിച്ച 40,000 കോടിയുടെ പാക്കേജിന്റെ പൊടിപോലും കാണാനില്ല. ബജറ്റില്‍ പ്രഖ്യാപിച്ച കോവിഡ് കരുതല്‍ പാക്കേജും കുറഞ്ഞ പലിശയില്‍ വായ്പയുമൊക്കെ വാചാടോപമായി അവശേഷിക്കുന്നു.
ഗള്‍ഫില്‍ നിന്നു മടങ്ങിവന്ന 15 ലക്ഷം പേരാണ് ജോലി നഷ്ടപ്പെട്ട അവസ്ഥയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പ്രവാസികള്‍ക്കും കോടികളുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും ആര്‍ക്കും പ്രയോജനം കിട്ടിയില്ല. കട തുറക്കാന്‍ കഴിയാതെ വ്യാപാരികളും വലിയ പ്രതിസന്ധിയിലാണ്.
ഭരണകക്ഷിയും അവരുടെ സില്‍ബന്ധികളുമൊഴികെ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കണ്ണുതുറന്നു കാണുകയും എത്രയും വേഗം നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.