സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനും അംഗീകാരം ലഭിച്ച ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമസഭാ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം. 62 പ്രകാരം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി ചുവടെ ചേർക്കുന്നു,
06.02.1988 ലെ സ.ഉ. (സാധാ) നം 465/88/പൊ.വി.വ. പ്രകാരം സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രീപ്രൈമറി സ്‌കൂളുകൾ ആരംഭിക്കുന്നതിന് അനുമതി നൽകുകയുണ്ടായി. ടി ജീവനക്കാർക്ക് പി.ടി.എ. നൽകി വരുന്ന വേതനത്തിനു പുറമേ, പ്രീപ്രൈമറി ടീച്ചർമാർക്ക് പ്രതിമാസം 300 രൂപയും ആയമാർക്ക് 200 രൂപയും ഓണറേറിയമായി സർക്കാർ നൽകിയിരുന്നു. തുടർന്ന് പ്രസ്തുത ഓണറേറിയം യഥാക്രമം 600 രൂപയായും 400 രൂപയായും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കേരള പ്രീപ്രൈമറി ടീച്ചേഴ്‌സ് & ആയാസ് അസോസിയേഷൻ ബഹു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No.2700/2019, WA.205/2011 കേസുകളുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ യുടെ കീഴിൽ പ്രവർത്തിക്കുന്ന നിശ്ചിത യോഗ്യത നേടിയ പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 07.12.2012 ലെ സ.ഉ. (എം.എസ്) നം.385/2012/പൊ.വി.വ. പ്രകാരം 01.08.2019 മുതൽ യഥാക്രമം 5000 (അയ്യായിരം) രൂപയും 3500 (മൂവായിരത്തി അഞ്ഞൂറ്) രൂപയും ഓണറേറിയമായി അനുവദിക്കുകയുണ്ടായി. 07.12.2012 ന് ശേഷം സർക്കാർ അംഗീകാരമില്ലാത്ത പ്രീപ്രൈമറികൾ ആരംഭിക്കാൻ പാടില്ലായെന്നും ടി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 25.04.2013 ലെ സ.ഉ (എം.എസ്) നം. 146/2013/പൊ.വി.വ. പ്രകാരം സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ. കളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളിലെ നിർദ്ദിഷ്ഠ യോഗ്യത നേടാത്തതും 1.08.2012 ൽ ഒരു വർഷത്തെ സർവ്വീസെങ്കിലും പൂർത്തിയാക്കിയതുമായ എല്ലാ പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും 01.08.2012 മുതൽ യഥാക്രമം 5000/- (അയ്യായിരം) രൂപയും 3500/- (മൂവായിരത്തി അഞ്ഞൂറ്) രൂപയും ഓണറേറിയമായി അനുവദിക്കുകയുണ്ടായി. ടി ഉത്തരവുകൾ പ്രകാരം സർക്കാർ സ്‌കൂളിനോടനുബന്ധിച്ച് പി.ടി.എ. യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത യോഗ്യതയുള്ളതും ഇല്ലാത്തതുമായ എല്ലാ പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും മേൽ പ്രകാരം ഓണറേറിയം നൽകി വരുന്നു. ടി ഓണറേറിയം ക്രമാനുഗതമായി വർദ്ധിപ്പിച്ച് നിലവിൽ 10 വർഷത്തിൽ കൂടുതൽ സർവ്വീസുള്ള പ്രീപ്രൈമറി ടീച്ചർമാർക്ക് 12500/- (പന്ത്രണ്ടായിരത്തിയഞ്ഞൂറ്) രൂപയും നിലവിൽ 10 വർഷത്തിൽ കൂടുതൽ സർവീസുള്ള ആയമാർക്ക് 7500/- (ഏഴായിരത്തിയഞ്ഞൂറ്) രൂപയും ഓണറേറിയമായി നൽകി വരുന്നു.
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകർതൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറികളിലെ അധ്യാപകരുടെയും ആയമാരുടെയും നിലവിലെ വേതന വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1) 10 വർഷത്തിൽ താഴെ സേവനമുള്ള അധ്യാപകർക്ക് 12000/- (പന്ത്രണ്ടായിരം) രൂപ
2) 10 വർഷത്തിന് മുകളിൽ സേവനമുള്ള അദ്ധ്യാപകർക്ക് 12500/- (പന്ത്രണ്ടായിരത്തിയഞ്ഞൂറ്) രൂപ
3) 10 വർഷത്തിന് താഴെ സേവനമുള്ള ആയമാർക്ക് 7000/- (ഏഴായിരം) രൂപ
4) 10 വർഷത്തിന് മുകളിൽ സേവനമുള്ള ആയമാർക്ക് 7500/- (ഏഴായിരത്തിയഞ്ഞൂറ്) രൂപ
മേൽ സൂചിപ്പിച്ച പ്രകാരം സർക്കാർ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ. യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. സർക്കാർ അംഗീകരിച്ച പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും മേൽ പ്രകാരം ഓണറേറിയം വർദ്ധിപ്പിച്ച് നൽകി വരുന്നുണ്ട്. 07.12.2012ന് ശേഷം സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ പ്രീപ്രൈമറികൾ ആരംഭിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 07.12.2012 ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം അധ്യാപകരുടേയും ആയമാരുടേയും നിയമനം അംഗീകരിക്കുന്നത് സംബന്ധിച്ചും അംഗീകാരം ലഭിച്ച് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ചുമുള്ള വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ട്.