ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യം : മന്ത്രി വീണാ ജോര്‍ജ്

Spread the love

പത്തനംതിട്ട: ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാദേശിക ഇടപെടലുകള്‍ അനിവാര്യമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിച്ചുനല്‍കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതോടൊപ്പംതന്നെ സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കുട്ടികള്‍ക്കു സഹായമെത്തിക്കാന്‍ മറ്റുള്ളവരും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകള്‍വഴി പഠന സാമഗ്രികള്‍ വാങ്ങുന്നതിനു വിദ്യാതരംഗിണി എന്ന പേരില്‍ പതിനായിരം രൂപവരെ പലിശരഹിത വായ്പയായി കുട്ടികള്‍ക്കു ലഭിക്കും. ഇതുപ്രകാരം ജില്ലയില്‍ 2601 അപേക്ഷകള്‍ ലഭിച്ചതില്‍ 1577 പേര്‍ക്ക് വായ്പ നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 1244 കുട്ടികള്‍ക്കാണു പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകളോ ടാബുകളോ ടെലിവിഷന്‍ സൗകര്യമോ നിലവില്‍ ഇല്ലാത്തത്. ഇതില്‍ 138 ഉന്നതതല വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളും ഒന്നുമുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള 1106 കുട്ടികളുമാണുള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഒഴികെ ജില്ലയില്‍ പഠനോപകരണങ്ങള്‍ സ്വന്തമായി വാങ്ങാന്‍ കഴിയുന്നവരായി 18,331 പേരും വായ്പയിലൂടെ വാങ്ങാന്‍ കഴിയുന്നവരായി 3752 പേരുമാണുള്ളത്. എന്നാല്‍ ഇതിനു മാര്‍ഗമില്ലാത്ത 6561 കുട്ടികളാണു ജില്ലയിലുള്ളതെന്ന് ‘സമ്പൂര്‍ണ’ എന്ന പോര്‍ട്ടല്‍ വഴി ജില്ലയിലെ സ്‌കൂളുകള്‍ അപ്ലോഡ് ചെയ്ത വിവരശേഖരണത്തില്‍ പറയുന്നു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 959 വിദ്യാര്‍ഥികള്‍ക്കും റാന്നി നിയോജക മണ്ഡലത്തില്‍ 1333, ആറന്മുള നിയോജക മണ്ഡലത്തില്‍ 951, കോന്നിയില്‍ 1681, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1637 കുട്ടികള്‍ക്കും പഠന സാമഗ്രികള്‍ സ്വന്തമായോ വായ്പയെടുത്തോ വാങ്ങാന്‍ മാര്‍ഗമില്ലാത്തവരാണ്. തിരുവല്ല നിയോജക മണ്ഡലത്തിലെ നിരണം ഗ്രാമപഞ്ചായത്തില്‍ വിദ്യാതരംഗിണി വായ്പ ലഭ്യമാക്കാനുള്ള സഹകരണ ബാങ്കുകള്‍ ഇല്ലാത്തത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ഇതിന് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മാത്യു ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.

ജില്ലയില്‍ ആദിവാസി മേഖലയില്‍ നെറ്റ് കണക്ടിവിറ്റി ഇല്ലാത്തിടത്ത് എത്രയും പെട്ടന്ന് അവ എത്തിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരത്തിലുള്ള നാല് പ്രദേശങ്ങളില്‍ നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാന്‍ കഴിഞ്ഞതായും ഫൈബര്‍ കണക്ടിവിറ്റി സാധ്യമാകാത്ത ചില പ്രദേശങ്ങളില്‍ എയര്‍ ഫൈബര്‍ കണക്ടിവിറ്റി നല്‍കാന്‍ പദ്ധതിയുള്ളതായും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആദിവാസി മേഖലകളില്‍ നെറ്റ് കണക്ടിവിറ്റി ഫ്രീക്വന്‍സി വര്‍ധിപ്പിക്കുന്നതിനും നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ അവ ഉറപ്പാക്കുന്നതിനുമാണ് ശ്രമം നടത്തുന്നത്.

ഗവിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായതിനാല്‍ അതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പഠനസാമഗ്രികള്‍ കുട്ടികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ വിതരണം ചെയ്യുന്നതിനാല്‍ ഓരോ ദിവസവും സ്‌കൂള്‍ അധികൃതര്‍ പഠനസാമഗ്രികള്‍ ആവശ്യമായ കുട്ടികളുടെ കണക്കുകള്‍ കൃത്യമായി ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍ കൂടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സാജു ജോണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *