തൊഴിലുറപ്പിലൂടെ 12 ലക്ഷം ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്

Spread the love

post

– 780 ഫലവൃക്ഷത്തോട്ടങ്ങളൊരുക്കി

– കൗതുകമായി പുതുക്കുളങ്ങരയിലെ പേരത്തോട്ടം

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടം കൊയ്ത് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്. മൂന്നു വര്‍ഷത്തെ പരിശ്രമത്തിലൂടെ ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി   12 ലക്ഷം  ഫലവൃക്ഷ തൈകള്‍ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യം നേടിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.

പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം ഫലവൃക്ഷത്തൈകള്‍ നഴ്സറിയില്‍ തയാറാക്കുകയും ഒരു വര്‍ഷം പ്രായമായ ഫലവൃക്ഷതൈകള്‍  കാര്‍ഷിക ഗ്രൂപ്പുകള്‍ വഴി മാറ്റി നടുകയും പരിപാലിക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തെ പരിപാലന കാലയളവാണ് തൊഴിലുറപ്പിലൂടെ നല്‍കുന്നത്. പരിപാലന കാലയളവ് അവസാനിക്കാനിരിക്കെ

കഞ്ഞിക്കുഴി ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലും ഫല വൃക്ഷ തൈകളുടെ തോട്ടം തന്നെ തൊഴിലുറപ്പുകാര്‍ക്ക് സൃഷ്ടിക്കാനായി. അഞ്ചു പഞ്ചായത്തുകളിലുമായി 780 ഫല വൃക്ഷ തോട്ടങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തില്‍ വളര്‍ന്നു പന്തലിച്ചത്. പേര, ആത്ത, ചാമ്പ, മാതളം, കറി വേപ്പില തുടങ്ങിയവയാണ് പ്രധാനമായും പരിപാലനത്തിനായി തിരഞ്ഞെടുത്തത്.

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വേപ്പില തോട്ടങ്ങളാണ് ഏറെയും. തൈകള്‍ ഏതാണ്ട് വില്‍പനയ്ക്കായി തയാറായി കഴിഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ പുതുക്കുളങ്ങരയില്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് അവിടുത്തെ പേരത്തോട്ടം. പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പരിപാലിച്ചു വന്ന പേര ത്തോട്ടം പൂക്കളും കായ്കളും വന്നു തുടങ്ങി. പേരയുടെ പരിപാലനം മൂന്നുമാസം കൊണ്ട് അവസാനിക്കും.

തുടര്‍വര്‍ഷങ്ങളില്‍ പേര ഉള്‍പ്പെടെയുള്ള ഫല വൃക്ഷങ്ങളുടെ മേല്‍നോട്ടവും പരിചരണവും പ്രാധാന്യത്തോടെ നോക്കിയാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം കലര്‍ന്ന ഫലങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കുമെന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം പേരയ്ക്ക മാത്രം അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി  ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഉല്‍പ്പാദനക്ഷമതയുള്ള ആസ്തി സൃഷിക്കാന്‍ തൊഴിലുറപ്പിലൂടെ സാധിച്ചതിലുള്ള അഭിമാനത്തിലാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്.

Author

Leave a Reply

Your email address will not be published. Required fields are marked *