ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍ വേയുടെ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വേഗത്തില്‍ നീക്കാന്‍ കരാറുകാരോട് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദ്ദേശം. ആദ്യ റീച്ചിലെ തുരുത്തേല്‍ പാലം മുതല്‍ പെരുമാങ്കര പാലം വരെയുള്ള ചെളിയും മണലും തിങ്കളാഴ്ച മുതല്‍ മാറ്റി തുടങ്ങും. നീക്കുന്ന മണലും ചെളിയും ഇടാന്‍ വീയപുരം പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നല്‍കുന്ന പക്ഷം രണ്ടാം റീച്ചിലെ പെരുമാങ്കര മുതല്‍ പാണ്ടി പാലം വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ തുടങ്ങും. പാലത്തിനോട് ചേര്‍ന്നുള്ള 50 മീറ്റര്‍ ഭാഗത്തെ ചെളി, വള്ളം ഉപയോഗിച്ചും ബാക്കി ഭാഗത്തെ മണ്ണ് ഡ്രെഡ്ജര്‍ ഉപയോഗിച്ചും നീക്കും. മൂന്നാം റീച്ചില്‍ പാണ്ടി പാലത്തില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയും പാലത്തിന് 150 മീറ്റര്‍ മാറി പുതിയ ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഡ്രെഡ്ജ് ചെയ്ത് നീക്കാനും തീരുമാനമായി. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നതിനാല്‍ ഈ മൂന്ന് പാലങ്ങളും പുതുക്കി പണിയാനായി അടിയന്തിരമായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പിനെയും ചുമതലപ്പെടുത്തി.
യോഗത്തില്‍ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശന്‍, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭി മാത്യു, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനു ബേബി, മാവേലിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍. ആശാ ബീഗം, ആലപ്പുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. അജയകുമാര്‍, ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ യു. മുഹമ്മദ് അജ്മല്‍, കരാറുകാരുടെ പ്രതിനിധി എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു