കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം : മന്ത്രി

Spread the love

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്‌സസ്സിബിൾ ഇൻഡ്യ ക്യാംപെയ്ൻ, ബാരിയർ ഫ്രീ കേരള പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മന്ത്രി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വളരെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി പറഞ്ഞു. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ട്. പൗരകേന്ദ്രീകൃതമായ പൊതുകെട്ടിടങ്ങളും, പാതകളും, പാർക്കുകളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുജനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ വെബ്‌സൈറ്റുകളും, ഗതാഗത സംവിധാനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായും ഭിന്നശേഷിക്കാർക്ക് തടസ്സരഹിതമാക്കുന്നതിനുള്ള കർമ്മപദ്ധതി അടിയന്തിരമായി തയ്യാറാക്കാനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾക്കായുള്ള പ്രൊപ്പോസലുകളും എസ്റ്റിമേറ്റുകളും ആഗസ്റ്റ് 31 നു മുമ്പ് സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, പിഡബ്ല്യുഡി, നിർമ്മിതികേന്ദ്ര, തദ്ദേശസ്വയംഭരണം എന്നിവയിലെ നിർവ്വഹണ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *