ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേർക്ക് വാക്‌സിൻ നൽകി കേരളം

Spread the love

സംസ്ഥാനത്ത് വെള്ളിയാഴ്ച 5,04,755 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്‌സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. എറണാകുളത്ത് രണ്ടു ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതൽ വാക്‌സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കണം. വെള്ളിയാഴ്ച 1,753 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേർക്ക് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 52,123 പേർക്ക് വാക്‌സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്‌സിൻ നൽകി.

സംസ്ഥാനത്ത്  1,38,07,878 പേർക്ക് ഒന്നാം ഡോസും  59,68,549 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,76,427 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേർക്ക് ഒന്നാം ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *