കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ടപ്രകാരം 3/08/2021 ന് ശ്രീ.വി ശശി എം.എൽ.എയുടെ സബ്മിഷന് ബഹു. പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തെ ഡയറ്റിലെ അധ്യാപക നിയമനങ്ങൾക്കായി പൊ.വി.വ 19.02.2021 പ്രകാരം ജി.ഒ(പി)നം.9/2021/ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഒരു ജില്ലയിൽ ഒന്ന് വീതം 14 ഡയറ്റുകളാണ് നിലവിലുള്ളത്. സ്പെഷ്യൽ റൂൾ പ്രകാരം ഓരോ ഡയറ്റിലും ഒരു പ്രിൻസിപ്പാൾ,7 സീനിയർ ലക്ചറർ, 20 ലക്ചറർ എന്നിങ്ങനെയാണ് അധ്യാപക തസ്തികകൾ അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ കാസർഗോഡ് ഡയറ്റിൽ കന്നട ലക്ചറർ തസ്തികയും തിരുവനന്തപുരം, ഇടുക്കി,പാലക്കാട് ഡയറ്റുകളിൽ തമിഴ് ലക്ച്ചറർ തസ്തിക കളും അനുവദിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾ തസ്തികയിലേക്ക് സീനിയർ ലക്ചറർ തസ്തികയിൽ നിന്നും, സീനിയർ ലക്ചറർ തസ്തികകളിലേക്ക് ലക്ചറർ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം വഴിയാണ് നിയമനം നടത്തുന്നത്. ലക്ചറർ തസ്തികയിലെ 50% ഒഴിവുകൾ ഗവൺമെന്റ് സ്കൂൾ അധ്യാപകരിൽ നിന്ന് ബൈട്രാൻസ്ഫർ മുഖേനയും 50% ഒഴിവുകൾ നേരിട്ടുള്ള നിയമനവുമാണ്. രണ്ട് നിയമനങ്ങളും പി. എസ്.സി മുഖേനയാണ് നടത്തേണ്ടത്.
പ്രസ്തുത സ്പെഷ്യൽ റൂൾ പ്രകാരം ഡയറ്റ് അധ്യാപകരുടെ നിയമനാധികാരി സർക്കാരാണ്. ഡയറ്റിൽ കെ.എസ്.&എസ്.എസ്.ആർ ചട്ടം 9(ബി) പ്രകാരം ഡയറ്റ് ലക്ച്ചറർ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്ത് വരുന്ന അധ്യാപകർക്ക് അവരുടെ സേവനം ലക്ച്ചറർ തസ്തികകളിൽ ക്രമീകരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 89 അധ്യാപകർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഒ.എ. 702/2021 നമ്പർ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പ്രസ്തുത ഹർജിയിൻമേൽ ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 25.3.2021 ലെ ഇടക്കാല ഉത്തരവ് പ്രകാരം ലക്ചറർ തസ്തികയിലെ 89 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനെ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പ്രസ്തുത സ്റ്റേ ബഹുമാനപ്പെട്ട കോടതിയുടെ 29.06.2021 പൊതു ഇടക്കാല ഉത്തരവിലൂടെ രണ്ട് മാസത്തേക്ക് കൂടി വീണ്ടും ദീർഘിപ്പിച്ചിട്ടുണ്ട്. സ്റ്റേ ഒഴിവാകുന്ന മുറക്ക് ഒഴിവുകൾ പിഎസ്.സി ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വീകരിക്കുന്നതാണ്.