തൃശൂര്‍ : തൃശൂരിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒന്നാം ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത് ആഹ്ളാദകരവും ജനങ്ങള്‍ക്ക് ആശ്വാസവുമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, റവന്യൂമന്ത്രി കെ. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ടണല്‍ സമയബന്ധിതമായി ഗതാഗതയോഗ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ ഇടപെടലും പിന്തുണയും ഉണ്ടാകുമെന്നും മന്ത്രിമാര്‍ ഉറപ്പുനല്‍കി.
കേരളത്തിലെ ആദ്യ തുരങ്കപാതയായ കുതിരാനിലെ ഒരു തുരങ്കം ശനിയാഴ്ച വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുനല്‍കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ആഗസ്റ്റ് ഒന്നിന് മുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നേരത്തെ ദേശീയപാത അതോറിറ്റിയും കരാറുകാരും ഉദ്യോഗസ്ഥരും ഉറപ്പുനല്‍കിയിരുന്നു. ഉറപ്പുനല്‍കിയതുപ്രകാരം പാതയുടെ ഒരു തുരങ്കം തുറക്കാനായത് ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാന്‍ സഹായകമാകുമെന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാര്‍ പറഞ്ഞു.
ഏറെക്കാലമായി ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കുതിരാന്‍ തുരങ്കനിര്‍മാണത്തില്‍ കഴിഞ്ഞ സര്‍ക്കാറും ഈ സര്‍ക്കാറും ആവശ്യമായ പിന്തുണയും ഇടപെടലുകളും നടത്തിയിരുന്നു. ഓരോ പ്രതിസന്ധിഘട്ടങ്ങളിലും അവ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹകരിച്ചിരുന്നു. എല്ലാഘട്ടത്തിലും മന്ത്രിമാരുള്‍പ്പെടെ സന്ദര്‍ശിച്ച് ആവശ്യമായ മേല്‍നോട്ടം വഹിച്ചിരുന്നു.
നിലവില്‍ പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു ടണലാണ് ഗതാഗതയോഗ്യമാക്കി ദേശീയപാത അതോറിറ്റി തുറന്നത്. തൃശൂരില്‍നിന്ന് പാലക്കാട്ടേക്ക് നിലവിലുള്ള പഴയ വഴി തന്നെയാകും വാഹനങ്ങള്‍ കടത്തിവിടുക. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ടാമത്തെ തുരങ്കം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എല്ലാതരത്തിലും കേന്ദ്രസര്‍ക്കാരുമായും ദേശീയപാത അതോറിറ്റിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കുകയെന്നതാണ് മുഖ്യപരിഗണന. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ യോഗം വിളിക്കും. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പണി പൂര്‍ത്തിയായതിനുശേഷം ആലോചിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
ഒരു തുരങ്കം തുറന്നതുകൊണ്ടുമാത്രം ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും തുരങ്കപാതയുടെ പണി പൂര്‍ത്തിയായശേഷമേ അതിനുള്ള നടപടി ആരംഭിക്കാവൂവെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും ആവശ്യപ്പെട്ടു.