കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിതരണത്തില്‍ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ ക്രൈസ്തവ സമുദായത്തിന് യാതൊരു ആശങ്കയുമില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും നീതിനിര്‍വ്വഹണസംവിധാനങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന നീതിനിഷേധങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ചാല്‍ തുടര്‍ന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാല്‍ മാത്രമേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. ചില കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാനും രാഷ്ട്രീയ നേട്ടത്തിനുംവേണ്ടിയുള്ള സ്വാഭാവിക രാഷ്ട്രീയ തന്ത്രത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതി അപ്പീലിന് പ്രസക്തിയില്ല. സുപ്രീം കോടതിയില്‍ കേസ് എത്തുന്നതോടുകൂടി ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന് അവസരം ലഭിക്കുമെന്നുറപ്പാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു വര്‍ഷംതോറും നല്‍കുന്ന ഫണ്ടിന്റെ വിനിയോഗവും അന്വേഷണവിധേയമാക്കും.
കോടതിവിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 16ന് ഇറക്കിയ ഉത്തരവില്‍ 20.05.2021 ലെ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കിയിരിക്കുന്നുവെന്നും നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയിലോ എണ്ണത്തിലോ കുറവ് ലഭിക്കരുത് എന്നും വ്യവസ്ഥ ചെയ്യുന്നു. മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് എന്നീ 2 സ്‌കോളര്‍ഷിപ്പില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുപാത തിരുത്തലുകള്‍ക്ക് തയ്യാറായിട്ടുള്ളത്. 2 സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളും പ്രാതിനിധ്യങ്ങളും.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് നടത്തുന്ന വിവിധങ്ങളായ പദ്ധതികളിലേയും വിവിധ ന്യൂനപക്ഷ സമിതികളിലെ പ്രാതിനിധ്യത്തിലേയും വിവേചനം വരുംനാളുകളില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. സച്ചാര്‍, പാലൊളി കമ്മറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മറന്നതാണ് ഇന്ന് ഈ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെയും ഫണ്ട് വിനിയോഗങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണഭോക്താക്കളെക്കുറിച്ചും ധവളപത്രമിറക്കണമെന്ന ലെയ്റ്റി കൗണ്‍സിലിന്റെ നിവേദനത്തില്‍ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്താതെ നടപടിയുണ്ടാകണം.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ തത്വങ്ങളെ മുറുകെപ്പിടിച്ചുള്ള തുടര്‍ നിയമപോരാട്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അവസരമൊരുക്കുമെന്നും ജാതിസംവരണം കേരളത്തില്‍ മാത്രം മതസംവരണമായി മാറിയിരിക്കുന്നതും വരുംദിവസങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി