ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ദേശീയതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകളിലെല്ലാം നമ്മുടെ മികവ് പ്രതിഫലിച്ചു. കുട്ടികളിലുണ്ടായ ഗുണകരമായ മാറ്റങ്ങൾ നാടിന്റെ അനുഭവം കൂടിയാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തെ അക്കാദമിക ഇടപെടലിൽ നിന്നു ആർജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഈ വർഷം ഡിജിറ്റൽ വിദ്യാഭ്യാസം വിപുലീകരിക്കുകയാണ്.
വീട് തന്നെ വിദ്യാലയമായി മാറിയ സാഹചര്യത്തിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരവരുടെ പാഠഭാഗങ്ങൾ ആസ്പദമാക്കി സംവാദാത്മ (interactive) ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കലാണ് നമ്മുടെ ലക്ഷ്യം. എല്ലാ കുട്ടികൾക്കും ക്ലാസ്സ് അനുഭവവേദ്യമാകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പാഠപുസ്തകം ലഭ്യമാക്കുന്നതുപോലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇപ്പോൾ സർക്കാർ ലക്ഷ്യമിടുന്നത്. സാമൂഹ്യനീതിയും അവസരതുല്യതയും ഉറപ്പുവരുത്തി വിദ്യാഭ്യാസത്തെ കൂടുതൽ കരുതലുള്ള ജനാധിപത്യയിടമാക്കി മാറ്റേണ്ടതുണ്ട്. ഈ ക്യാമ്പയിൻ താഴെ പറയുന്ന കാര്യങ്ങൾ ലക്ഷ്യം വയ്ക്കുന്നു.
· ഗുണമേന്മ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിൽ ഊന്നി നിന്നുകൊണ്ട് എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കൽ.
· ഒരു കുട്ടിയും പരിധിക്ക് പുറത്താകാത്തവിധം ഓൺലൈൻ ക്ലാസ്സിൽ തടസ്സങ്ങളില്ലാതെ പങ്കെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കൽ.
.ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച് രക്ഷകർത്താ ക്കളെയും സമൂഹത്തെയും ബോധവൽക്കരണം നടത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ.
.ജനകീയ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തിലൂടെ ശക്തിപ്പെടുത്തുന്നതിന് ജനകീയ ക്യാമ്പയിൻ വിഭാവനം ചെയ്യൽ.
ഈ ലക്ഷ്യങ്ങളെല്ലാം സാധ്യമാകുന്നതിന് ഓൺലൈൻ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വ്യവസായികളും, പ്രവാസികളും, പൊതുമേഖലാ, സ്വകാര്യ മേഖലാ രംഗത്തുള്ളവരും, ജനപ്രതിനിധികളും ബഹുജനങ്ങളും ഒന്നിച്ചുനിന്നുകൊണ്ട് ഈ ക്യാമ്പയിൻ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിഭവസമാഹരണം സുതാര്യമാക്കുന്നതിനും സുഗമമാക്കുന്നതിനും ഉതകുന്ന വിധത്തിൽ ഒരു ഓൺലൈൻ പോർട്ടൽ തന്നെ സർക്കാർ തയ്യാറാക്കിയിരിക്കുകയാണ്.