പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണെന്നും മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
ശിവന്‍കുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡലംതലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിങ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടി രാജിവെയ്ക്കുന്ന കീഴ്‌വഴക്കം ഉണ്ടായാല്‍ എസ്എന്‍സി ലാവ്‌നിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും പ്രതികൂല വിധിയുണ്ടായാല്‍ രാജിവെയ്‌ക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ വി ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത്. . ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. എന്നിട്ടും കോടതിയില്‍ നിരപാരിധിത്വം തെളിയിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണ്.
നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.നിയമസഭ തല്ലിത്തകര്‍ത്ത് താണ്ഡവമാടിയ തറഗുണ്ടയുടെ നിലവാരമാണ് വിദ്യാഭ്യാസമന്ത്രിയുടേത്. എംവി രാഘവന്റെ നാഭിക്ക് തൊഴിച്ചത് ഉള്‍പ്പെടെ നിയമസഭയില്‍ ലജ്ജാകരമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎല്‍എമാരെ ചുമക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സിപിഎം എംഎല്‍എമാരുടെ ഭാഗത്ത് നിന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. ശിവന്‍കുട്ടിയുടെ രാജിക്കായുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പോര്‍മുഖത്തില്‍ പങ്കാളികളായി നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈപ്പിഴ തിരുത്താന്‍ തയ്യാറാകണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധര്‍ണ്ണ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ വിഴിഞ്ഞത്തും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എ എ അസീസ്, പി ജെ ജോസഫ്, സിപി ജോണ്‍ ദേവരാജന്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.