പിഎസ് സി റാങ്ക് ലിസ്റ്റ് നീട്ടാന്‍ വിസമ്മതിച്ച് സര്‍ക്കാര്‍, ഉദ്യോഗാര്‍ത്ഥികളെ പെരുവഴിയിലാക്കാന്‍ വാശിയോടെ പ്രവര്‍ത്തിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
പിണറായി സര്‍ക്കാരിന്റെ യുവാക്കളോടുള്ള മനോഭാവമാണ് ഏറ്റവുമധികം ഞെട്ടിച്ചത്. പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി അതു റദ്ദാക്കിച്ചത് തികച്ചും അപ്രതീക്ഷിതമാണ്.
കോവിഡും സാമ്പത്തിക തകര്‍ച്ചയും മൂലം യുവാക്കള്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ലിസ്റ്റിലുള്ള ഏതാണ്ട് നാലു ലക്ഷം യുവതീയുവാക്കളെ പിന്നില്‍ നിന്നു കുത്തിയത്. കടംവാങ്ങി, കഷ്ടപ്പെട്ട് പഠിച്ച്, റാങ്ക്‌ലിസ്റ്റില്‍ കടന്ന കുട്ടികളുടെ പ്രതീക്ഷകളാണ് തകര്‍ക്കപ്പെട്ടത്. ഇടത് അനുഭാവമുള്ള ഉദ്യോഗാര്‍ത്ഥികളും ഈ ലിസ്റ്റിലുണ്ട്.
493 ലിസ്റ്റുകളുടെ കാലാവധി തീര്‍ന്നപ്പോള്‍ ഒരു തസ്തികയിലേക്കു പോലും പകരം റാങ്ക് ലിസ്റ്റ് ഇല്ല. 493 റാങ്ക് ലിസ്റ്റിന്റെ സ്ഥാനത്ത് 136 തസ്തികകളിലേക്കു മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാക്കിയുള്ള 357 തസ്തികകളിലേക്ക് ഇതുവരെ അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്, ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി റാങ്ക്‌ലിസ്റ്റ് തയാറാക്കാന്‍ 2-3 വര്‍ഷമെടുക്കും. ഇക്കാലയളവില്‍ ആര്‍ക്കും നിയമനം കിട്ടാന്‍ പോകുന്നില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു പകരം പിന്‍വാതില്‍ നിയമനവും ബന്ധു നിയമനവും നടത്താന്‍ സര്‍ക്കാരിനു സാധിക്കും. അതു ലഭിക്കുക പാര്‍ട്ടിക്കാര്‍ക്കും അവരുടെ ബന്ധുമിത്രാദികള്‍ക്കും പാര്‍ട്ടിക്കുവേണ്ടി കൊല നടത്തുന്നവര്‍ക്കുമാണ്.
അന്തരിച്ച സിപിഎം ചെങ്ങന്നൂര്‍ എംഎല്‍എയുടെ മകനെ പൊതുമരാമത്ത് വകുപ്പില്‍ അസി. എന്‍ജിനീയര്‍ തസ്തികയില്‍ ഗസറ്റഡ് പോസ്റ്റിലും അന്തരിച്ച കൊങ്ങാട് എംഎല്‍എയുടെ മകനെ ഓഡിറ്റ് വകുപ്പില്‍ ഓഡിറ്ററായും നിയമിച്ചു. മുന്‍മന്ത്രി എകെ ബാലന്റെ ഭാര്യ ആസൂത്രണ ബോര്‍ഡില്‍ നിയമിക്കപ്പെട്ടു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ നേതാക്കളുടെ ബന്ധുക്കള്‍ക്ക് കൂട്ടനിയമനം ലഭിച്ചു.
ബന്ധുവിനെ നിയമിച്ച് കെടി ജലീലിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. എഎന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ അസി പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ ജയിലിലുള്ള 3 പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ഗവ. ശുപത്രിയില്‍ നിയമനം നല്കിയെങ്കിലും കോണ്‍ഗ്രസ് നടത്തിയ സമരത്തെ തുടര്‍ന്ന് നാണം കെട്ട് പിന്‍വാങ്ങി. എത്രയോ സിപിഎം നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സര്‍ക്കാര്‍ സര്‍വീസില്‍ അനധികൃതമായി ജോലി ചെയ്യുന്നു.
അനധികൃത നിയമനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍, ധനകാര്യ പരിശോധനാവിഭാഗം നടത്തിയ അന്വേഷണത്തില്‍ ഐടി വകുപ്പിലും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലും നിരവധി അനധികൃത നിയമനങ്ങള്‍ കണ്ടെത്തി. ഇതിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പ് നല്കിയ റിപ്പോര്‍ട്ട് ആറു മാസമായി മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ധനകാര്യ വകുപ്പിലെ സ്പാര്‍ക്കിലുള്ള 60 ജീവനക്കാരില്‍ 54 ഉം താത്ക്കാലിക ജീവനക്കാരാണ്. സര്‍ക്കാരില്‍ മൂന്നു ലക്ഷത്തോളം താത്ക്കാലിക ജീവനക്കാരുണ്ട്.
കേരളത്തില്‍ ലക്ഷക്കണക്കിന് ബിരുദധാരികളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്നവരുമുണ്ട്. അവര്‍ക്ക് നിയമനം നല്കുന്നതിനു പകരം എല്ലായിടത്തും സ്വന്തക്കാരെയാണ് തിരുകിക്കയറ്റുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ 34 ദിവസം സെക്രട്ടേറിയറ്റിനു നടത്തിയ സമരം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ മുന്‍കൈയെടുത്തെങ്കിലും അവര്‍ പിന്നീട് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചെന്നും സുധാകരന്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണം
ബിവറേജിന്റെ കടകളില്‍ പോകാന്‍ വാക്‌സിന്‍ രേഖകള്‍ വേണ്ടെങ്കിലും പച്ചക്കറി വാങ്ങാനും മറ്റും കടകളില്‍ പോകുന്നവര്‍ക്ക് വാക്‌സിന്‍ രേഖകള്‍ വേണമെന്ന നിബന്ധന അപ്രായോഗികവും അശാസ്ത്രീയവുമാണ്.
ജനസംഖ്യയുടെ പകുതിപ്പേര്‍ക്കും ഇതുവരെ വാക്‌സിന്‍ നല്കിയിട്ടില്ല. എന്നിട്ടാണ് പുറത്തിറങ്ങാന്‍ വാക്‌സിനെടുത്തതിന്റെ രേഖ വേണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചത്. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണം.
അഭിനന്ദിച്ചു
നാലു പതിറ്റാണ്ടിനുശേഷം ഹോക്കിയില്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.
ഇന്ത്യക്ക് അവിശ്വസനീയമായ വിജയം ഒരുക്കിയത് മലയാളിയായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷാണ്. അദ്ദേഹത്തിന്റെ മികവാണ് ഇന്ത്യയെ മെഡലണിയിച്ചത്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യന്‍ ഹോക്കി ടീം വലിയ മുന്നേറ്റമാണ് കാഴ്ചവച്ചിട്ടുള്ളത്. ശ്രീജേഷിന്റെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചു.