വിദേശത്ത് പോകുന്ന പ്രവാസികളില്‍ നിന്നും വിമാനം പുറപ്പെടുന്നതിന് മുന്‍പായി കോവിഡ് റാപ്പിഡ് ടെസ്റ്റിന്റെ പേരില്‍ തോന്നുംപടി ചാര്‍ജ് ഈടാക്കി ചൂഷണം ചെയ്യുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
നിലവില്‍ വിദേശത്ത് പോകാന്‍ യാത്രാ തീയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധനഫലവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും വേണം. ഇതിന് പുറമെ യുഎഇയില്‍ എത്തിയ ശേഷം പിസിആര്‍ ടെസ്റ്റിനു വിധേയമാകുകയും പത്തു ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം. ഇത്തരം സാഹചര്യത്തില്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പായി റാപ്പിഡ് ടെസ്റ്റ് വേണമെന്നത് എന്തു മാനദണ്ഡത്തിന്റെ പേരിലാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ നടപടി പ്രവാസികളെ കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്നതാണ്.റാപ്പിഡ് ടെസ്റ്റിന് പല ഏജന്‍സികളും തോന്നിയ നിരക്കാണ് ഈടാക്കുന്നത്.മറ്റു പലരാജ്യങ്ങളും വിമാനത്തില്‍ ഇത്തരം ടെസ്റ്റ് സൗജന്യമായിട്ടാണ് നടത്തുന്നതെങ്കില്‍ ഇന്ത്യയില്‍ പ്രവാസികളില്‍ നിന്നും നിരക്ക് ഈടാക്കി സാഹചര്യം മുതലാക്കി കൊള്ള നടത്തുകയാണ്.
കോവിഡ് പ്രതിസന്ധി കാരണം വിദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന പ്രാവസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള സര്‍ക്കാരും നേര്‍ക്കയും ഒന്നും ചെയ്യുന്നില്ല.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികളില്‍ അധികം പേരും ദാരിദ്രരേഖക്ക് താഴെയുള്ളവരാണ്. നല്ലൊരു ശതമാനം പേരും കിടപ്പാടം പോലും ഇല്ലാത്തവരാണ്. പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ബജറ്റില്‍ കോടികള്‍ വകയിരുത്തിയെങ്കിലും അതിന്റെ പ്രയോജനം അവര്‍ക്ക് ലഭിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.