കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 6 ജീവനക്കാരില്‍ ഒരാളെപ്പോലും നാളിതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രതികള്‍ക്ക് സര്‍ക്കാരിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപിള്ള പറഞ്ഞു അറസ്റ്റ് നടന്നാല്‍, പ്രതികളെ ചോദ്യം ചെയ്താല്‍ അന്വേഷണം പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലേക്കും സര്‍ക്കാരിലേക്കും എത്തപ്പെടും എന്നതും പ്രതികള്‍ പാര്‍ട്ടി ഭാരവാഹിത്വം ഉണ്ടായിരുന്നവര്‍ എന്നതും ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വലിയ കോളിളക്കം ഉണ്ടാക്കുന്ന കേസുകളില്‍ പ്രതികളെ സംസ്ഥാനത്തിനകത്തും പുറത്തും നിശ്ചിതസമയത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ കേസിലെ പ്രതികളെ ആഴ്ചകള്‍ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.പ്രതികള്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടി വരുന്നതു തന്നെ നാട്ടിലെ ജനരോഷത്തെ ഭയന്നാണ്. പ്രസ്താവനകളും ഉറപ്പുകളും നല്‍ക ന്നതല്ലാതെ നിക്ഷേപംനഷ്ടപ്പെട്ട സഹകരികള്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേരള ബാങ്കില്‍ നിന്നും കുറച്ചു പണം ലഭ്യമാക്കുമെന്ന് വകുപ്പ് മന്ത്രി പറയുമ്പോള്‍ ഈ തട്ടിപ്പ് നേരത്തെതന്നെ ശ്രദ്ധയില്‍പ്പെട്ട താണെന്നും അതിനുവേണ്ടി ഒരു തുകയും കേരള ബാങ്കില്‍ നിന്നും നല്‍കാന്‍ സാധ്യമല്ല എന്ന് ബാങ്ക് പ്രസിഡണ്ട് പറയുന്നു . വിവാദമാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കരുവന്നൂര്‍ ബാങ്ക് പ്രശ്‌നം ജനങ്ങള്‍ മറക്കും എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളത്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കാനുള്ള സത്വര നടപടികളും ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സഹകരണ ജനാധിപത്യ വേദി അറിയിച്ചു.