കായംകുളം സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി ഒരു വർഷത്തിനുള്ളിൽ : മന്ത്രി

Spread the love

ആലപ്പുഴ: ദേശിയ പാതയോട് ചേർന്നുള്ള കായംകുളം പട്ടണത്തിലെ കായൽ പ്രദേശങ്ങളുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കോർത്തിണക്കിയുള്ള സമഗ്ര സാംസ്കാരിക ടൂറിസം പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കായംകുളം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സാംസ്കാരിക വകുപ്പിന്റെ കീഴിൽ 12.87 കോടി രൂപ വകയിരുത്തി നിർമിക്കുന്ന കായംകുളം മൾട്ടിപ്ലെക്സ് തീയറ്റർ ഏപ്രിലോടെ പണി പൂർത്തിയാക്കി തുറന്നുകൊടുക്കും. കായംകുളത്തെ ടുറിസം ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായി കൃഷ്ണപുരം ആർട്ടിസ്റ്റ് ശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻറ് ആർട്ട് ഗാലറിയിൽ പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള മൂന്നു കോടി രൂപയും ടൂറിസം വകുപ്പിൽ നിന്നുള്ള ഒരു കോടി രൂപയും ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. മ്യൂസിയത്തോട് ചേർന്ന് നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ പേരിൽ സ്ഥിരം നാടകവേദിയൊരുക്കും. നാടക കലാകാരന്മാർക്ക് സ്ഥിരമായി ഇവിടെ നാടകം അവതരിപ്പിക്കാൻ കഴിയും. ലളിതകലാ അക്കാദമി സെന്റർ, റൂറൽ ആർട്ട് ഹബ്ബ് എന്നിവയും ഇവിടെ നടപ്പാകും. കായംകുളത്തെ കായൽ പ്രദേശങ്ങളെ ഉൾപ്പെടുത്തികൊണ്ട് കായൽ ടൂറിസം പദ്ധതിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും അഡ്വ.യു. പ്രതിഭ എം.എൽ.എ.യും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രം, മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സ് നിർമ്മാണ സ്ഥലം, കായംകുളം കായലോരം എന്നിവിടങ്ങൾ സന്ദർശിച്ചു.

യോഗത്തിൽ നഗരസഭാധ്യക്ഷ പി. ശശികല, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ മായ, സാംസ്കാരിക വകുപ്പ്ഡയറക്ടർ മുഹമ്മദ് റിയാസ്, ടൂറിസം വകുപ്പ് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *