ടൂറിസം വകുപ്പ് വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

post

ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ താമസം

തിരുവനന്തപുരം: കോവിഡിന്റെ സാഹചര്യത്തില്‍ ഓണം വാരാഘോഷം നടത്താനാവാത്തതിനാല്‍ വെര്‍ച്വല്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ടൂറിസം ഡെസ്റ്റിനേഷനുകള്‍, കലാ സാംസ്‌കാരിക തനിമകള്‍, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ ദൃശ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടു വയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എന്‍ട്രികള്‍ക്ക് പ്രത്യേക സമ്മാനങ്ങളുണ്ടാവും. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും. പ്രവാസി മലയാളികളെക്കൂടി വെര്‍ച്വല്‍ ഓണാഘോഷത്തില്‍ പങ്കാളികളാക്കും. വിവിധ വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്ന് മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും സഹകരണത്തോടെ പാരമ്പര്യ കലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും അതിലൂടെ കലാകാരന്‍മാര്‍ക്ക് അവസരം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു കൊണ്ടിരിക്കുകയാണ്. അഭ്യന്തര ടൂറിസ്റ്റുകളെയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. ഒരു ഡോസ് എങ്കിലും വാക്സിനെടുത്ത കുടുംബങ്ങളെ വാക്സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാന്‍ അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ വൈത്തിരിയില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 100 ശതമാനം വാക്സിനേഷന്‍ നടത്തി. ബീച്ചുകളിലുള്‍പ്പെടെ പ്രോട്ടോകോള്‍ പാലിച്ചു പോകുന്ന നില സ്വീകരിക്കണം. കേരളത്തിലെ അണ്‍ എക്സ്പ്ലോര്‍ഡ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.

കോവിഡ് മൂലം ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. 2020 മാര്‍ച്ച് മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഫോറിന്‍ എക്സ്ചേഞ്ചില്‍ 7000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി അറിയിച്ചു. ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave Comment