ഹിന്ദി പഠിക്കാനൊരുങ്ങി ഒരു ഗ്രാമം

Spread the love

post

യേ എരഞ്ഞോളി ഗാവ് ഹേ

കണ്ണൂര്‍: ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ എന്നൊക്കെ പറയുമെങ്കിലും പലര്‍ക്കും ഹിന്ദി ഇപ്പോഴും ഒരു കീറാ മുട്ടിയാണ്. ആ ഹിന്ദി ഭാഷയെ വരുതിയിലാക്കാന്‍ ഒരുങ്ങുകയാണ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത്.  ഹിന്ദി രാഷ്ട്ര ഭാഷ പരിജ്ഞാന്‍ പദ്ധതിയിലൂടെ ഒരു വീട്ടില്‍ ഒരാളെയെങ്കിലും ഹിന്ദി അറിയുന്നവരാക്കി മാറ്റുന്നതിന്റെ പ്രാരംഭ നടപടികള്‍ പഞ്ചായത്ത് തുടങ്ങി.

നിത്യവും നിരവധി അതിഥി തൊഴിലാളികളാണ്  വിവിധ ജോലികള്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്. രാഷ്ട്ര ഭാഷയെ അടുത്തറിയുന്നതിനൊപ്പം അതിഥി തൊഴിലാളികളോടുള്ള കാര്യക്ഷമമായ ആശയ വിനിമയത്തിനും ഹിന്ദി പരിജ്ഞാനം ഗുണം ചെയ്യുമെന്ന തിരിച്ചറിവ് കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് പഞ്ചായത്തിനു പ്രേരണയായത്.

പദ്ധതിയുടെ ഭാഗമായി ആദ്യം പഞ്ചായത്തില്‍ താമസിക്കുന്നവരും ഹിന്ദി അറിയുന്നവരുമായവരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഹിന്ദി പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി  പഠനത്തിനുള്ള പുസ്തകം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പറഞ്ഞു. കാലടി സര്‍വ്വകലാശാല ഹിന്ദി പ്രൊഫസര്‍ ഡോ മനു, സ്റ്റേറ്റ് ഹിന്ദി ഭാഷ ഫാക്കല്‍റ്റി സതീഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 അംഗ സമിതിയാണ് പുസ്തകം തയ്യാറാക്കുന്നത്.

നിലവില്‍ ഹിന്ദി പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഒഴിവാക്കി 18 വയസിനു മുകളിലുള്ളവരെയാണ് പദ്ധതി വഴി ഹിന്ദി പഠിപ്പിക്കുക. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ്  80 വയസുള്ളവര്‍വരെ താത്പര്യം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് പഠനത്തിനായി 18 മുതല്‍ 45 വയസ്സുവരെ ഉള്ളവര്‍ക്കും 45ന് മുകളില്‍ പ്രായം ഉള്ളവര്‍ക്കുമായി രണ്ടു തരം പുസ്തകങ്ങളാണ് കമ്മിറ്റി തയ്യാറാക്കുന്നത്.  പദ്ധതി നടത്തിപ്പിനുള്ള തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. ഒന്നര മാസത്തിനുള്ളില്‍ പുസ്തകം തയ്യാറാകും. ഹിന്ദി പഠനത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും പേരുകള്‍   മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ ബോര്‍ഡുകളില്‍ എഴുതുവാനുള്ള നടപടികളും പഞ്ചായത്ത് ആരംഭിക്കുന്നുണ്ട്.

ഓരോ വാര്‍ഡിലും സര്‍വ്വേ നടത്തി പഠിക്കാന്‍ താല്‍പര്യം ഉള്ളവരുടെ പട്ടിക തയ്യാറാക്കും. ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ഥികളെയാണ് ഇതിനായി നിയോഗിക്കുന്നത്. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഓരോ വാര്‍ഡിലും രണ്ടില്‍ കുറയാത്ത അധ്യാപകരെ ചുമതലപ്പെടുത്തും. ഇതിനായി പഞ്ചായത്തിലെ ഹിന്ദി അധ്യാപകരുടെയും ഹിന്ദി അറിയാവുന്നവരുടെയും സഹായം തേടും. ഇവര്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനായുള്ള പരിശീലനവും ഉറപ്പാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *