അമേരിക്കന്‍ തോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്സിക്കോ കേസെടുത്തു : മൊയ്തീന്‍ പുത്തന്‍‌ചിറ

Spread the love

ന്യൂയോര്‍ക്ക്: ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് യുഎസും മെക്സിക്കോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, അമേരിക്കയിലെ വന്‍ തോക്കു നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്സിക്കൻ സർക്കാർ കേസെടുത്തു. ഈ തോക്ക് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് നിരുത്തരവാദിത്വപരവും അലസമായ നിയന്ത്രണങ്ങളിലൂടെയും അശ്രദ്ധമായ ബിസിനസ്സ് രീതികളിലൂടെയും രക്തച്ചൊരിച്ചിലിന് ഇന്ധനം നൽകുന്നതെന്ന് മെക്സിക്കോ ആരോപിച്ചു.

ബോസ്റ്റണിലെ യുഎസ് ഫെഡറൽ കോടതിയിൽ മെക്സിക്കോ ഫയൽ ചെയ്ത കേസില്‍ അമേരിക്കൻ കമ്പനികളിൽ നിന്ന് 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ മെക്സിക്കോയിൽ യുഎസ് നിർമ്മിത ആയുധങ്ങൾ കൊണ്ടുള്ള കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു എന്ന് മെക്സിക്കന്‍ അധികൃതര്‍ പറയുന്നു. അതിർത്തിയിലെ നിയമവിരുദ്ധമായ ആയുധങ്ങളുടെ ഒഴുക്കാണ് അതിന് കാരണമെന്നും അവര്‍ അവകാശപ്പെട്ടു.

സ്മിത്ത് & വെസ്സൺ ബ്രാൻഡുകൾ, ബാരറ്റ് ഫയർമാർസ് മാനുഫാക്ചറിംഗ്, ബെറെറ്റ യുഎസ്എ, ഗ്ലോക്ക്, കോൾട്ട്സ് മാനുഫാക്ചറിംഗ് കമ്പനി എന്നിവയുൾപ്പെടെയുള്ള യുഎസ് കമ്പനികള്‍ക്കെതിരെയാണ് കേസ്.മെക്സിക്കോയിലെ മയക്കുമരുന്ന് കച്ചവടക്കാരും മറ്റ് കുറ്റവാളികളും അമേരിക്കയില്‍ നിന്ന് തോക്കുകൾ നിയമവിരുദ്ധമായി കടത്തുന്നത് തടയാന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

“ഇത്തരമൊരു ഹര്‍ജി കോടതിയില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ ഒരിക്കലും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ പോകുന്നില്ല. അവര്‍ ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. ഞങ്ങളുടെ രാജ്യത്ത് മരണ സംഖ്യ വര്‍ദ്ധിക്കുകയും ചെയ്യും,” മെക്സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് പറഞ്ഞു. ഈ കേസില്‍ ഞങ്ങള്‍ വിജയിക്കുമെന്നും മെക്സിക്കോയിലേക്കുള്ള അനധികൃത ആയുധക്കടത്ത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമീപ വർഷങ്ങളിൽ മെക്സിക്കോയിലെ ആയുധധാരികളായ മയക്കുമരുന്ന് മാഫിയകളുടെ നേതൃത്വത്തില്‍ മാരകമായ അക്രമങ്ങള്‍ പെരുകുകയാണ്. മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന മാഫിയാ സംഘങ്ങള്‍ ചെറുതും വൈരുദ്ധ്യമുള്ളതുമായ ഗ്രൂപ്പുകളായി പിരിഞ്ഞ് കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നു.

2019 ൽ മാത്രം 17,000-ത്തിലധികം കൊലപാതകങ്ങൾ അമേരിക്കയില്‍ നിന്ന് കടത്തപ്പെട്ട ആയുധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 2.5 മില്യൺ അമേരിക്കൻ തോക്കുകൾ അതിർത്തി കടന്നെത്തിയതായി മെക്സിക്കൻ സർക്കാരിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോർട്ട് : മൊയ്തീന്‍ പുത്തന്‍‌ചിറ

Author

Leave a Reply

Your email address will not be published. Required fields are marked *