കൊല്ലം: അഷ്ടമുടിക്കായിലിന്റെ സംരക്ഷണത്തിനായി ശാസ്ത്രീയവും ജനകീയവും ആയ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന മേയര്‍ പ്രസന്ന ഏണസ്റ്റ്. കായല്‍ ശുചീകരിക്കുന്നതിനും ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആലോചനാ യോഗത്തിലാണ് ഇതറിയിച്ചത്. കായല്‍ക്കരയിലുള്ള വീടുകളിലെ സെപ്റ്റിക്ടാങ്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുകയാണ് പ്രധാനം. ഇതിനായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സര്‍വേയിലൂടെ കണ്ടെത്തി ശൗചാലയം നിര്‍മ്മിച്ചു നല്‍കും. മണിച്ചിത്തോട് ഓടയില്‍ നിന്ന് കായലിലേക്കുള്ള ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. അഷ്ടമുടി കായലിനോട് ചേര്‍ന്ന 11 പഞ്ചായത്തുകളും വിവിധ വകുപ്പുകളും രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനങ്ങളും ശുചീകരണം ഏറ്റെടുക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു. സംരക്ഷണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ ശാസ്ത്രീയത ഉറപ്പാക്കാനായി സാങ്കേതിക ശില്പശാല ഓഗസ്റ്റ് 14 ന് നടത്തും എന്നും വ്യക്തമാക്കി.