അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിര്‍ച്വല്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
തിരുവനന്തപുരം: ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ആദിവാസി ഗോത്രവര്‍ഗ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോത്ര ആരോഗ്യവാരം പദ്ധതി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കുന്നതിനും വാസയോഗ്യമായ വീടും അടിസ്ഥാന ജീവിത സൗകര്യങ്ങളും ഒരുക്കുന്നതിനും കഴിഞ്ഞ സര്‍ക്കാരും മുന്തിയ പരിഗണനയാണ് നല്‍കിയത്. ലൈഫ് പദ്ധതിയില്‍ പ്രത്യേക നടപടി സ്വീകരിച്ച് 4582 ഭൂരഹിത ആദിവാസികള്‍ക്ക് 3842.37 ഏക്കര്‍ സ്ഥലം ലഭ്യമാക്കി. ഇതിലൂടെ 8764 ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് നല്‍കാനായി. വനാവകാശ നിയമം, ഭൂമി വാങ്ങി നല്‍കല്‍ പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ 3000ത്തിലധികം ഏക്കര്‍ വിതരണം ചെയ്തു.
ആദിവാസികളിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിര്‍ച്വല്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ആദിവാസികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കാന്‍ നടപടിയെടുക്കും. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുന്നതിനായി ഉപരിപഠനത്തിനും നൈപുണ്യ വികസനത്തിനും വേണ്ട പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 26 ല്‍ പരം കോഴ്‌സുകളില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കുന്നു. 2646 പേര്‍ക്ക് ഇന്ത്യയിലും 22 പേര്‍ക്ക് വിദേശത്തും തൊഴില്‍ ഉറപ്പാക്കി.
കൂടുതല്‍ മെന്റര്‍ ടീച്ചര്‍മാരെ ആദിവാസി മേഖലകളില്‍ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിച്ചവര്‍ക്ക് അത് പൂര്‍ത്തിയാക്കുന്നതിന് സമഗ്രശിക്ഷാ അഭിയാനുമായി ചേര്‍ന്ന് നടപടിയെടുക്കും. പട്ടികവര്‍ഗ വികസന വകുപ്പും വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി നടത്തിയ നിയമഗോത്രം പരിശീലന പരിപാടിയുടെ ഭാഗമായി ഒന്‍പത് ഗോത്ര വിദ്യാര്‍ത്ഥികള്‍ നിയമപഠന രംഗത്തേക്ക് കടന്നുവരികയാണ്. ഇവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്ത് ഗോത്രവര്‍ഗ ജനതയുടെ ആരോഗ്യ കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.