സോളാര്‍ കേസില്‍ സിബി ഐ അന്വേഷണം ആരംഭിച്ചത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
ഡോളര്‍ക്കടത്തുമായി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേസിലെ പ്രതിയുടെ രഹസ്യമൊഴി ഉണ്ടായിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവ പരിശോധിക്കാന്‍ തയ്യാറാകാത്തതും മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്യാത്തതും അതിന് തെളിവാണ്. കൊടകര കുഴല്‍പ്പണകേസില്‍ പ്രതിസ്ഥാനത്ത് വരേണ്ടവര്‍ സാക്ഷിപട്ടികയില്‍ ഇടം പിടിച്ചതും ഇതേ രഹസ്യധാരണയുടെ ഭാഗമാണെന്ന് പറഞ്ഞാല്‍ കുറ്റംപറയാനാകില്ല.
മുഖ്യമന്ത്രിയുടെ പോലീസ് പലവട്ടം അന്വേഷിച്ച് തെളിവില്ലെന്ന കണ്ടെത്തിയ സോളാര്‍ കേസ് സിബി ഐക്ക് വിട്ടത് രാഷ്ട്രീയവൈര്യം കൊണ്ടാണ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണിത്. പാരാതിക്കാരി 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.കള്ളക്കേസില്‍ കുടുക്കി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കാമെന്നാണ് സിപിഎമ്മും ബിജെപിയും കരുതുന്നത്.ഓലപാമ്പ് കാട്ടിയാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും നിയമപരമായി കേസിനെ നേരിടുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.