ഒരു വാർഡിൽ സമ്പൂർണ ലോക്ക് ഡൗൺ; ഏഴു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ

Spread the love
തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലെത്തിയതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ തോട്ടവാരം വാർഡിൽ(28-ാം വാർഡ്) സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരും. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ ഏഴു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
10.7 ആണ് തോട്ടവാരം വാർഡിലെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. ഇത് എട്ടിനു താഴെ എത്തുന്നതുവരെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. ഈ പ്രദേശങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രം പ്രവർത്തിക്കാൻ അനുവദിക്കും.
*കണ്ടെയ്ൻമെന്റ് സോണുകൾ*
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 25, 36, 39 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റി 10-ാം വാർഡ്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആറാം വാർഡ് എന്നിവ വാർഡ് കണ്ടെയ്ൻമെന്റ് സോണായും വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിൽ  കോട്ടുമൂല കോളനി, മണമ്പൂർ പഞ്ചായത്ത് ആറാം വാർഡിൽ വലിയവിള പ്രദേശം എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണായുമാണു പ്രഖ്യാപിച്ചത്.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഇവിടെ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്‌സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു താഴെ എത്തിയതിനെത്തുടർന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി 36-ാം വാർഡിൽ ഏർപ്പെടുത്തിയ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് വെമ്പായം പഞ്ചായത്തിലെ രണ്ടാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *