നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് ; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Spread the love

Picture

വിന്‍സ്റ്റല്‍ സാലേം ,നോര്‍ത്ത് കരോലിന : വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി പൊലീസ് ചീഫ് കട്രീന തോംപ്‌സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വില്യം ചാവിസ് റെയ്‌നാര്‍ഡ് ജൂനി എന്ന കുട്ടിയാണു കൊല്ലപ്പെട്ടതെന്നും പ്രതി ആ സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ഥിയാണെന്നും ചീഫ് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി, തുടര്‍ ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞു സ്‌കൂളിലെത്തിയ പൊലിസ് വെടിയേറ്റ വിദ്യാര്‍ഥിക്കു പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Picture2
വെടിവയ്പിനെ കുറിച്ച് അറിഞ്ഞ ഒരു വിദ്യാര്‍ഥി അബോധാവസ്ഥയിലായെന്നും ആവശ്യമായ ചികിത്സ നല്‍കിയെന്നും ചീഫ് അറിയിച്ചു. സംഭവത്തില്‍ നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ നടുക്കം പ്രകടിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്. ആദ്യ സംഭവത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

അധ്യയനവര്‍ഷം ആരംഭിച്ചതോടെ കര്‍ശന പരിശോധനയാണ് വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ കൊണ്ടുവരുന്ന ബാക്ക് പാക്കുപോലും ക്ലിയര്‍ ക്രിസ്റ്റല്‍ പ്ലാസ്റ്റിക് കൊണ്ടു ആയിരിക്കണമെന്നു  പല സ്‌കൂളുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.അകത്ത് ഇരിക്കുന്നതു വ്യക്തമായി കാണുന്നതിനാണ് ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നത്. ബാക്ക് പാക്കില്‍ തോക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇതോടെ തടയാം എന്നാണ് അധികൃതരുടെ നിഗമനം.

Author

Leave a Reply

Your email address will not be published. Required fields are marked *